തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിയടക്കമുള്ള ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതെ നിലാപാട് കടുപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ഓര്‍ഡിനന്‍സുകളില്‍ നിയമ നിര്‍മാണം നടത്താനാണ് സര്‍ക്കാരിന്‍റെ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചത്.
10 ദിവസത്തെ സമ്മേളനമാണ് നിയമ നിര്‍മാണത്തിനായി തീരുമാനിച്ചിരിക്കുന്നത്. ഗവര്‍ണറുടെ അംഗീകാരത്തോടെയാകും നിയമസഭ സമ്മേളനം വിളിക്കുക. സമ്മേളനം വിളിക്കുന്നതിന് 14 ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്നാണ് ചട്ടം.
സ്‌പീക്കറോട് കൂടി ആലോചിച്ച ശേഷമാകും തീയതി തീരുമാനിക്കുക. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പരസ്യമായി വ്യക്തമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ നിയമ നിര്‍മാണം എന്ന തീരുമാനത്തിലെത്തിയത്. ഓര്‍ഡിനന്‍സുകളില്‍ നിയമനിര്‍മാണം നടത്താതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.
കൂടുതല്‍ തര്‍ക്കങ്ങളിലേക്ക് കടക്കാതെ വിഷയം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. നേരത്തെ ഒക്ടോബറില്‍ നിയമസഭ സമ്മേളനം വിളിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് ഈ മാസം അവസാനം നിയമ നിര്‍മാണത്തിന് മാത്രമായി പ്രത്യേക സമ്മേളനം ചേരുന്നത്.
Also Read ഗവര്‍ണര്‍ കടുംപിടിത്തത്തില്‍ ; ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാന്‍ സമയം ആവശ്യപ്പെട്ടു