തിരുവനന്തപുരം : ചാനല്‍ പരിപാടിയില്‍ യുവതിയോട് മോശമായി പെരുമാറിയതില്‍ ഖേദം പ്രകടിപ്പിച്ച് വനിത കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. തന്‍റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ജോസഫൈന്‍ വ്യക്തമാക്കി. വാര്‍ത്താക്കുറിപ്പിലൂടെയാണ് ജോസഫൈന്‍റെ ഖേദ പ്രകടനം.
പരാതി പറയാന്‍ വിളിച്ച യുവതിയോട് അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് സംസാരിച്ചത്. പീഡനമുണ്ടായിട്ടും പരാതി നല്‍കിയില്ലെന്ന യുവതിയുടെ പരാമര്‍ശത്തില്‍ ആത്മരോഷം മൂലമാണ് ഇത്തരമൊരു പ്രതികരണമുണ്ടായത്.
സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അസ്വസ്ഥയായിരുന്നു. പരിപാടിയിലെ ശബ്‌ദത്തിലും വ്യക്തതയില്ലായിരുന്നു. ഇതേതുടര്‍ന്നാണ് പ്രകോപനപരമായ പരാമര്‍ശമുണ്ടായതെന്നും ജോസൈഫന്‍ വിശദീകരിച്ചു.
Read More: ജോസഫൈന്‍ ക്രൂരയായ ജയിൽ വാർഡനെ ഓര്‍മിപ്പിക്കുന്നുവെന്ന് ആഷിഖ് അബു, വിമർശനവുമായി ബെന്യാമിനും
രാവിലെ കൊല്ലത്ത് മാധ്യമങ്ങളോട് പ്രതികരിച്ചപ്പോള്‍, ചാനല്‍ ചര്‍ച്ചയ്ക്കിടെയുണ്ടായ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന നിലപാടാണ് ജോസഫൈന്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ പരാമര്‍ശത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് ഖേദപ്രകടനം നടത്തിയിരിക്കുന്നത്.
സിനിമ-രാഷ്ട്രീയ മേഖലയില്‍ നിന്നും നിരവധി പേരാണ് ജോസഫൈനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.