തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയെ യു.എ.ഇ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതിയ സംഭവം വിവാദത്തില്‍.
എന്‍.ഡി.എ കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിക്കു വേണ്ടി മുഖ്യമന്ത്രി കത്തെഴുതിയെന്നാണ് ആക്ഷേപം. കത്തെഴുതിയതില്‍ തെറ്റില്ലെന്നാണ് വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ പക്ഷം. തുഷാർ വെളളാപ്പളളി ഒരു സാധാരണ പൗരനല്ലെന്നും ഇ. പി ജയരാജൻ കൂട്ടിച്ചേർത്തു.
എന്നാല്‍ പിണറായി-ബിജെപി ബന്ധത്തിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞതായി കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ ആരോപിച്ചു. മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒറ്റക്കെട്ടെന്നും സുധീരന്‍ ഫേസ്ബുക്കില്‍ പരിഹസിച്ചപ്പോൾ ഇതേ പരിഗണന ഗള്‍ഫില്‍ ജയിലില്‍ കഴിയുന്ന എല്ലാ മലയാളികളുടെ കാര്യത്തിലും ഉണ്ടാകണേ എന്നാണ് പ്രാര്‍ത്ഥനയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം സംഭവത്തില്‍ ബിജെപി കേരള ഘടകം മൗനം തുടരുകയാണ്.