തിരുവനന്തപുരം: എലിവേറ്റഡ് ഹൈവേ നിർമ്മാണത്തെ തുടർന്ന് ഗതാഗത ക്ലേശമനുഭവിക്കുന്ന കഴക്കൂട്ടത്ത് സർവ്വീസ് റോഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. ഇതിന്‍റെ ഭാഗമായി പണം കൈമാറിയിട്ടും പൊളിക്കാത്ത കെട്ടിടങ്ങൾ പൊലീസ് സംരക്ഷണത്തോടെ നിർമ്മാണ കമ്പനിയായ ആർഡിഎസ് പൊളിച്ച് മാറ്റി തുടങ്ങി.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ സാനിധ്യത്തിലാണ് കെട്ടിടങ്ങൾ പൊളിക്കൽ നടപടികൾ തുടങ്ങിയത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോടതിയിലെ കേസുകൾ അവസാനിച്ചിട്ടും ചില കെട്ടിട ഉടമകൾ പൊളിച്ച് മാറ്റാൻ തയാറായിരുന്നില്ല. നിരവധി തവണ ബന്ധപ്പെട്ട അധികാരികൾ ഉടമകളോട് പറഞ്ഞെങ്കിലും പലരും മുഖം തിരിഞ്ഞ് നിൽക്കുന്ന അവസ്ഥയാണുണ്ടായത്. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ നേത്യത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് പൊലീസ് സഹായത്തോട് കൂടി കരാർ കമ്പനി ബലമായി പൊളിക്കാൻ തീരുമാനിച്ചത്.
കെട്ടിടങ്ങൾ പൊളിക്കുന്നതിനോടൊപ്പം വശങ്ങളിലെ വൈദ്യുത പോസ്റ്റുകളും ട്രാൻസ്‌ഫോർമർ, കേബിളുകൾ തുടങ്ങിയവയും നീക്കം ചെയ്തു തുടങ്ങി. തിരുവനന്തപുരത്തേക്ക് വരുന്ന റോഡിന്‍റെ ഇടത് വശത്താണ് ആദ്യം സർവീസ് റോഡ് നിർമ്മിക്കുന്നത്. ഒരു മാസത്തിനകം സർവീസ് റോഡ് പൂർത്തിയാക്കുമെന്ന് നിർമ്മാണ കമ്പനിയായ ആർഡിഎസ് പറഞ്ഞു. ഏഴര മീറ്റർ വീതിയിൽ 1.6 കിലോമീറ്ററാണ് സർവീസ് റോഡ് നിർമ്മിക്കുന്നത്. സർവീസ് റോഡിനോടൊപ്പം നടപ്പാതയും ഓടയും നിർമ്മിക്കും. ഒരു വശത്തെ സർവീസ് റോഡ് നിർമ്മാണം പൂർത്തിയായാൽ ഇരുവശത്തുകൂടി പോകുന്ന വാഹനങ്ങൾ സർവീസ് റോഡ് വഴി കടത്തി വിട്ടതിന് ശേഷം മറു വശത്തെ സർവീസ് റോഡിന്‍റെ നിർമ്മാണം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.