തിരുവനന്തപുരം: വിഴിഞ്ഞം കോസ്റ്റ് ഗാർഡിൻ്റ ബെർത്ത് നിർമാണത്തിന് തടസമായ കടലിനടിയിലെ കരിങ്കല്ലുകൾ മാറ്റിത്തുടങ്ങി. നീണ്ട കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞത്തെ ബെർത്ത് നിർമാണത്തിനായി പൈലിങ് നടത്താൻ ശ്രമിച്ചപ്പോഴാണ് തീരത്തോട് ചേർന്ന് കടലിൽ കിടക്കുന്ന കരിങ്കല്ലുകൾ തടസമായത്. പോണ്ടൂണ്‍ യന്ത്രത്തിന് പുറത്ത് ജെ.സി.ബി ഉറപ്പിച്ച് കടലിൽ ഇറക്കിയാണ് കരിങ്കല്‍ മാറ്റുന്നത്.
തീരസംരക്ഷണസേനയുടെ വലിയ കപ്പലുകൾ അടുക്കുന്നതിനാണ് വിഴിഞ്ഞം തുറമുഖത്തിലെ സീവേർഡ് വാർഫിനോട് ചേർന്നാണ് പുതിയ ജെട്ടി നിർമിക്കുന്നത്. 10 കോടി രൂപ നിർമാണത്തിനും നൽകിയിട്ടുണ്ട്. തുറമുഖ വകുപ്പിന്റെ എഞ്ചിനീയറിങ് വിഭാഗത്തിനാണ് ബെർത്തിന്റെ നിർമാണച്ചുമതല. ഒരു വർഷമായി മുങ്ങിക്കിടക്കുന്ന ടഗ്ഗാണ് മറ്റൊരു തടസം. ഇത് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി തുറമുഖ അധികൃതർ അറിയിച്ചു. മൂന്ന് മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി ജനുവരി ആദ്യവാരം ബെർത്തിന്റെ കമ്മീഷൻ നടത്താനാണ് തീരുമാനം.