തിരുവനന്തപുരം: ശംഖുമുഖം തീരത്തുകൂടി വിമാനത്താവളത്തിൻ്റെ ആഭ്യന്തര ടെർമിനലിലേക്കുള്ള പാതയുടെ പണി തുടങ്ങി. പലപ്പോഴായി കടലെടുത്ത 330 മീറ്റർ റോഡാണ് അത്യന്താധുനിക നിലവാരത്തിൽ പുനർനിർമിക്കുന്നത്.
റോഡ് തകർന്നതോടെ വിമാനത്താവളത്തിലേക്കുള്ള യാത്രികർ 200 മീറ്ററോളം ലഗേജുമായി നടന്നു പോകേണ്ട ഗതികേടിലാണ്. അല്ലെങ്കിൽ 14 കിലോമീറ്റർ ചുറ്റി മറ്റൊരു വഴിയിലൂടെ. പ്രദേശവാസികൾക്കും ചെറിയ ദൂരങ്ങളിലേക്ക് വലിയ തുക ചെലവാക്കി സഞ്ചരിക്കേണ്ട ദുരവസ്ഥയാണുള്ളത്.
യാത്രക്കാരുടെ ദുരിതയാത്ര വാർത്ത ആയതോടെയാണ് അടിയന്തരമായി സർക്കാർ ഇടപെട്ട് റോഡിൻ്റെ പുനർനിർമാണത്തിന് തീരുമാനമെടുത്തത്. നേരത്തെ തീരസംരക്ഷണത്തിന് ഡയഫ്രം വാൾ നിർമിക്കാൻ സ്ഥാപിച്ച ഷീറ്റ് പൈലുകൾ ഇളക്കി മാറ്റി പുതിയത് സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. ഇതിനാവശ്യമായ യന്ത്രം സ്ഥാപിക്കാൻ നിർമിച്ച റീട്ടെയിനിങ് ഭിത്തിയും കടലെടുത്തു.
പുതിയ ഷീറ്റ് പൈലുകൾ സ്ഥാപിച്ച് മണ്ണിട്ട് റോഡിൻ്റെ നിരപ്പ് ക്രമീകരിച്ച് 240 മീറ്റർ ദൂരത്തിൽ 61 ഡയഫ്രം വാൾ പാനലുകൾ സ്ഥാപിക്കും. ഇതിനുശേഷം റോഡ് നിർമിക്കും. എട്ട് മീറ്റർ ആഴത്തിലാണ് ഡയഫ്രം വാളുകൾ സ്ഥാപിക്കുക. ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് ഡയഫ്രം വാളുകളെന്നാണ് നിർമാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ വിദഗ്‌ധർ പറയുന്നത്.
തീരദേശ പാത തകർന്നതോടെ വർഷങ്ങളായി പ്രദേശവാസികളായ മത്സ്യതൊഴിലാളികളുടേതടക്കം ജീവിതം വഴിമുട്ടി. കാലാവസ്ഥ ചതിച്ചില്ലെങ്കിൽ പറഞ്ഞ സമയത്ത് പണി തീർക്കുമെന്ന സർക്കാരിൻ്റെയും കരാറുകാരുടെയും ഉറപ്പിലാണ് നാട്ടുകാരുടെ പ്രതീക്ഷ.