തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരത്തിന്‍റെ ഒന്നാം ഘട്ടം എന്ന നിലയിലായിരുന്നു കെപിസിസിയുടെ നേതൃത്വത്തിലുള്ള രാജ്ഭവന്‍ മാര്‍ച്ച്. മാര്‍ച്ചിനു മുന്നോടിയായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് കര്‍ഷക ബില്ല് പിന്‍വലിക്കണമെന്ന നിവേദനം കൈമാറി.
രാജ്യത്തിന്‍റെ നട്ടെല്ലായ കര്‍ഷകരെ ബഹുരാഷ്‌ട്ര കുത്തകകളുടെ കൈകളിലേക്കെറിഞ്ഞു കൊടുക്കുന്ന കരിനിയമമാണ് മോദി സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ പാസാക്കിയതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്‌ത രമേശ് ചെന്നിത്തല പറഞ്ഞു.