തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തി മുതിര്‍ന്ന നേതാക്കള്‍. ഡിസിസി പ്രസിഡന്‍റുമാരായി നിയമിക്കപ്പെടേണ്ടവരുടെ പട്ടിക ഏകപക്ഷീയമായി ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ആരോപണം.
കൂടിയാലോചന നടത്താതെയുള്ള കെപിസിസി പ്രസഡന്‍റ് കെ. സുധാകരന്‍റെ നിലപാടില്‍ പ്രതിഷേധം അറിയിച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. കൂടാതെ വിഷയത്തിൽ പരാതിയുമായി മുന്‍ കെപിസിസി പ്രസിഡന്‍റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം. സുധീരനും പരസ്യമായി രംഗത്ത് വന്നു. മാധ്യമ വാര്‍ത്തകളിലൂടെയാണ് ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടിക സമര്‍പ്പിച്ച വിവരം അറിഞ്ഞതെന്ന് വി.എം. സുധീരന്‍ പറഞ്ഞു.
ALSO READ: പുനഃസംഘടനയിൽ അതൃപ്‌തി; പ്രതിഷേധവുമായി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും
അതേസമയം കേരളത്തില്‍ ഗ്രൂപ്പുകള്‍ കഴിഞ്ഞ കഥയാണെന്നും ജില്ലാ പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ മാനദണ്ഡം നോക്കില്ലെന്നും സുധാകരന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സുധാകരന് പുറമെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, വര്‍ക്കിങ് പ്രസിഡന്‍റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് എന്നിവരാണ് ഡല്‍ഹിയിലെത്തി താരിഖ് അന്‍വറിന് ചുരുക്കപ്പട്ടിക കൈമാറിയത്. ചില ജില്ലകളില്‍ ഒന്നിലധികം പേരുടെ പട്ടികയാണ് കൈമാറിയത്. എംപിമാരെയും എംഎല്‍എമാരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.