തിരുവനന്തപുരം : കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്നലെ (ഡിസംബർ 23 ശനി) ഡിജിപി ഓഫീസിലേക്ക് നടന്ന കോണ്‍ഗ്രസ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ നടപടി ആവശ്യപ്പെട്ട് നിയമസഭാ സ്‌പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നൽകി എപി അനില്‍ കുമാര്‍ എംഎല്‍എ( Congress March Clashes). മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കത്ത്.
മാര്‍ച്ചില്‍ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും ഉപയോഗിച്ചതെന്നും ഇവ പ്രയോഗിക്കുന്നതിന് മുന്‍പ് സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും എംഎല്‍എ സ്‌പീക്കര്‍ക്ക് സമര്‍പ്പിച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസ് നടപടി നിയമസഭാംഗങ്ങളുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമാണ്. അതിനാല്‍ ചട്ടം 154 പ്രകാരം നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് എപി അനില്‍കുമാര്‍ എം എല്‍ എയുടെ കത്ത്.
ഇന്നലെ നടന്ന സംഘർഷത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. എം.പി മാരും എം.എൽ.എമാരും ഉൾപ്പടെയുള്ളവർ മാർച്ച് നടക്കുന്ന സ്ഥലത്തുള്ളപ്പോൾ യാതൊരുവിധ പ്രകോപനവും ഇല്ലാതെയാണ് പൊലീസ് അക്രമം കാണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
മാർച്ചിന് നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, ശശി തരൂർ എംപി എന്നിവർ ഉൾപ്പടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.