തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഒരു കാലഘട്ടത്തിലെ ചങ്കൂറ്റമുള്ള തലമുറയുടെ നേതാവായാണ് എല്ലാ കാലത്തും പി.ടി.തോമസ് അറിയപ്പെട്ടിരുന്നത്. എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതം. പി.ടിക്ക് സ്വന്തം പാളയത്തില്‍ ശത്രുക്കളെക്കാളേറെ സൃഷ്ടിച്ചത് ആരാധകരെയായിരുന്നു. പി.ടിയുടെ നിലപാടുകള്‍ക്കായി കേരളത്തിലെ യുവാക്കള്‍ കാതു കൂര്‍പ്പിച്ചിരുന്ന കാലം.
1979 ല്‍ കെ.കരുണാകരന്‍റെയും എ.കെ.ആന്‍റണിയുടെയും നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നെടുകെ പിളര്‍ന്നപ്പോള്‍ ദേശീയതലത്തില്‍ ഇന്ദിരാഗാന്ധിയെ എതിര്‍ക്കുന്ന എ.കെ.ആന്‍റണിക്കൊപ്പം പി.ടി. തോമസ് ഉറച്ചു നിന്നു. 1980 മുതല്‍ 82 വരെ എ വിഭാഗം കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. പി.ടി.ക്കൊപ്പം മറു ചേരിയില്‍ ഐ വിഭാഗത്തിന്റെ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റായത് രമേശ് ചെന്നിത്തലയും.
കേരളത്തിലെ കെ.എസ്.യുവിലേക്ക് യുവാക്കളെ എത്തിക്കാന്‍ ഇരുവരും തമ്മില്‍ മത്സരമായിരുന്നു അക്കാലത്തെന്ന് പഴയ തലമുറ ഓര്‍ക്കുന്നു. 1987ല്‍ ആദ്യമായി തൊടുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങിയെങ്കിലും തീപാറുന്ന പോരാട്ടത്തില്‍ കേരള കോണ്‍ഗ്രസ് നേതാവായ പി.ജെ.ജോസഫിനോടു പരാജയപ്പെട്ടു. 1990ല്‍ ആദ്യ ജില്ലാ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1991ലെ തൊടുപുഴയില്‍ നിന്ന് പി.ജെ.ജോസഫിനെ തോല്‍പ്പിച്ച് ആദ്യമായി നിയമസഭാംഗമായി. കെ.കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ അതിശക്തനായി നിലകൊള്ളുന്ന കാലത്താണ് കെ.കരുണാകരനെതിരെ യുവാക്കളുടെ നേതൃത്വത്തില്‍ തിരുത്തല്‍ വാദികള്‍ കോണ്‍ഗ്രസില്‍ രൂപം കൊള്ളുന്നത്. അക്കാലത്തെ കരുത്തരായ ജി.കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല, എം.ഐ.ഷാനവാസ് എന്നിവര്‍ കരുണാകരനെതിരെ തെരഞ്ഞപ്പോള്‍ കോണ്‍ഗ്രസിലെ എ വിഭാഗം ഇവര്‍ക്ക് പരോക്ഷ പിന്തുണ നല്‍കി.
ALSO READ ബെംഗളൂരുവില്‍ ഭൂചലനം, റിക്‌ടർ സ്കെയിലില്‍ 3.3 രേഖപ്പെടുത്തി
അന്ന് പി.ടി.തോമസ് എ വിഭാഗത്തിന്‍റെ കരുത്തനായ പോരാളി. സ്വന്തം മകനെ രാഷ്‌ട്രീയത്തിലേക്കുയര്‍ത്താന്‍ കെ.കരുണാകരന്‍ നടത്തുന്ന കുറുക്കുവഴികള്‍ക്കെതിരെയായിരുന്നു തിരുത്തല്‍ വാദികളുടെ രംഗ പ്രവേശം. അക്കാലത്തു നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ കെ.കരുണകരനെ സാക്ഷിയാക്കി പി.ടി.തോമസ്, കെ.മുരളീധരനെതിരെ ആഞ്ഞടിച്ചു.
എന്നുണ്ണിക്കണ്ണനുറങ്ങാന്‍ ഭൂലോകം മുഴുവനുറങ്ങണം എന്നതാണ് കെ.കരുണാകരന്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നയം എന്ന് അക്കാലത്തെ ഒരു സിനിമാഗാനം ഉദ്ധരിച്ച് വിമര്‍ശനം ഉന്നയിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത് കെ.കരുണാകരനായിരുന്നില്ല, ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കളായിരുന്നു. ആരുടെ മുഖത്തു നോക്കിയും വിമര്‍ശനമുന്നയിക്കാനുള്ള ഇതേ ആര്‍ജ്ജവം ക്രിസ്തീയ സഭകളുടെ നിലപാടുകള്‍ക്കെതിരെ ഉയര്‍ത്തിയത് രാഷ്ട്രീയമായി പി.ടിക്ക് തിരച്ചടിയായി.
2009 ലോക്‌സഭാംഗമായെങ്കിലും 2014ല്‍ മാധവ് ഗാഡ്ഗില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന പി.ടിയുടെ നിലപാടിനെതിരെ ഇടുക്കിയിലെ ക്രിസ്തീയ സഭകള്‍ രംഗത്തിറങ്ങി. പി.ടിയുടെ ശവമഞ്ചം വഹിച്ചു കൊണ്ട് ഇടുക്കി പട്ടണത്തിലൂടെ ശവ ഘോഷയാത്ര നടത്തിയായിരുന്നു അവരുടെ പ്രതിഷേധം. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം പി.ടി തോമസിന് ലോക്‌സഭാ സീറ്റു നിഷേധിച്ചു.
ALSO READ യൂ ട്യൂബ് നോക്കി ഭാര്യയുടെ പ്രസവം എടുത്തു, കുട്ടി മരിച്ചു: ഭർത്താവ് അറസ്റ്റില്‍
പിന്നാലെ ഇടുക്കി വിട്ട പി.ടി.തോമസ് തന്‍റെ എക്കാലത്തേയും സംരക്ഷകനായിരുന്ന ഉമ്മന്‍ചാണ്ടിയുമായും അകന്നു. തുടര്‍ന്ന് അക്കാലത്തെ കെ.പി.സി.സി പ്രസിഡന്‍റായിരുന്ന വി.എം.സുധീരനുമായി അടുപ്പത്തിലായി. 2016ല്‍ വി.എം.സുധീരന്‍റെ ഇടപെടലില്‍ തൃക്കാക്കരയില്‍ മത്സരിച്ച് വിജയിച്ച് നിയമസഭയിലെത്തി. 2021ല്‍ വിജയം നിലനിര്‍ത്തി.
നിയമസഭയിലേക്കുള്ള രണ്ടാം വരവില്‍ രണ്ടു തവണയും പ്രതിപക്ഷത്തായിരുന്ന പി.ടി.യുടെ മൂര്‍ച്ചയുള്ള വിമര്‍ശന ശരങ്ങള്‍ പലപ്പോഴും ഭരണ പക്ഷത്തെ അസ്വസ്ഥമാക്കുന്നതായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസില്‍ കെ.സുധാകരന്‍റെയും വി.ഡി.സതീശന്‍റെയും നേതൃത്വത്തിലുള്ള പുതു നേതൃത്വം പിടിമുറുക്കിയപ്പോള്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് എന്ന നിലയില്‍ ആ നേതൃത്വത്തിനൊപ്പം പി.ടിയും നിലയുറപ്പിച്ചു.
ഗ്രൂപ്പ് രാഷ്‌ട്രീയത്തിന്‍റെ മേലങ്കി ഉപേക്ഷിച്ച് ഔദ്യോഗിക നേതൃത്വത്തോടൊപ്പം അടിയുറച്ചു നില്‍ക്കുന്നതിനിടെയാണ് കരുത്തനായ ഒരു നേതാവിന്‍റെ വിയോഗം എന്നത് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസിന് തീരാനഷ്‌ടമായിരിക്കും.
ALSO READ 'വാക്‌സിനുകൾക്ക് വകഭേദം ചെറുക്കാൻ കഴിയും'; പ്രതിരോധ കുത്തിവപ്പ് ഉറപ്പാക്കണമെന്ന് സുനീല ഗാർഗ്