തിരുവനന്തപുരം: ആധുനിക രീതിയില്‍ നവീകരിച്ച റോഡില്‍ വെള്ളക്കെട്ട് ഉയര്‍ന്നതോടെ ചെളി വെള്ളത്തില്‍ കുത്തിയിരുന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിന്‍റെ ഒറ്റയാള്‍ പ്രതിഷേധം. കോണ്‍ഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡന്‍റ് എം എം അഗസ്റ്റിനാണ് ഇന്ന് രാവിലെ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 24 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ച കിള്ളി പങ്കജ കസ്‌തൂരി-കാന്തള കട്ടക്കോട് റോഡാണ് മഴ പെയ്‌തപ്പോള്‍ വെള്ളക്കെട്ടായി മാറിയത്.
എംഎല്‍എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും സര്‍ക്കാര്‍ ജീവനക്കാരും കടന്നു പോകുന്ന റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിനാലും യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും യാത്രാക്ലേശം നേരിടുന്നതിനാലുമാണ് പ്രതിഷേധം അറിയിച്ചു കൊണ്ട് ചെളി വെള്ളത്തില്‍ കുത്തിയിരുന്നത് എന്ന് എം എം അഗസ്റ്റിന്‍ പ്രതികരിച്ചു. മഴ വന്നതോടെ കാന്തള പ്രദേശത്ത് റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ഇതുവഴിയുള്ള കാല്‍നട യാത്ര പോലും ദുസഹമാണ്.
മുട്ടോളം വെള്ളത്തിലൂടെ നടന്നു പോകുന്ന ആളുകളുടെ ദേഹത്തേക്ക് വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ചെളി വെള്ളം തെറിക്കുന്ന സാഹചര്യവുമുണ്ട്. ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനങ്ങളിലും യാത്ര ചെയ്യുന്നവര്‍ ഇതുവഴി പോകുമ്പോള്‍ കാല്‍ ഉയര്‍ത്തിപ്പിടിച്ച് പോകേണ്ട അവസ്ഥയാണ്. ഇതിന് പുറമെ റോഡില്‍ വെള്ളം നിറഞ്ഞ് സമീപത്തെ പുരയിടങ്ങളിലേക്ക് ഒലിച്ചിറങ്ങുന്നുമുണ്ട്.
വര്‍ഷങ്ങളായുള്ള ഇവിടുത്തെ വെള്ളക്കെട്ടിന് റോഡ് നവീകരിക്കുമ്പോള്‍ പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കട്ടക്കോട്-വിളപ്പില്‍ശാല റോഡ് ചേരുന്ന ഭാഗം വെള്ളക്കെട്ട് ഉണ്ടെന്നും വശങ്ങളിലൂടെ വെള്ളം ഒഴുകി പോകാന്‍ സൗകര്യം ഒരുക്കണമെന്നുമുള്ള ആവശ്യം അവഗണിച്ചു കൊണ്ടാണ് റോഡ് നവീകരണം നടത്തിയത് എന്നാണ് ആക്ഷേപം.