തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് (01.10.22) നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരെ പ്രഖ്യാപിച്ച സമരത്തില്‍ നിന്നാണ് ടിഡിഎഫ് അവസാനഘട്ടത്തില്‍ പിന്‍മാറിയത്. സമരത്തെ ശക്തമായി നേരിടുമെന്ന് മനേജ്‌മെന്‍റും ഗതാഗതമന്ത്രി ആന്‍റണി രാജുവും വ്യക്തമാക്കിയിരുന്നു.
കടുപ്പിച്ചപ്പോൾ പിൻവലിച്ചു: സമരം നടത്തുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാണെന്നും കോര്‍പ്പറേഷന് നാശനഷ്‌ടമുണ്ടാക്കിയാല്‍ ക്രിമിനല്‍ നടപടിയുമുണ്ടാകുമെന്നായിരുന്നു മനേജ്‌മെന്‍റ് പ്രഖ്യാപനം. ഇതുകൂടാതെ അഞ്ചാം തീയതിക്ക് മുന്‍പായി ശമ്പളം നല്‍കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനവും സമരം ചെയ്യുന്നവര്‍ക്ക് ബാധകമല്ലെന്ന് തീരുമാനിച്ചിരുന്നു.
ഇവയെല്ലാം പരിഗണിച്ചാണ് ടിഡിഎഫ് സമരത്തില്‍ നിന്ന് പിന്‍മാറിയത്. ആദ്യഘട്ടത്തില്‍ പാറശാല ഡിപ്പോയില്‍ മാത്രമാണ് 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നത്. ഇതില്‍ എന്തെങ്കിലും വീഴ്‌ചകളുണ്ടെങ്കില്‍ പരിഹരിക്കാമെന്ന് മാനേജ്‌മെന്‍റ് ഉറപ്പു നല്‍കിയതായി ടിഡിഎഫ് അറിയിച്ചു. ഇതുകൂടാതെ ഹൈക്കോടതിയിലടക്കം നല്‍കിയിട്ടുള്ള കേസുകളെ സമരം ബാധിക്കുമെന്ന നിയമോപദേശം ലഭിച്ചതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സമരത്തില്‍ നിന്ന് പിന്‍മാറുന്നതെന്നാണ് ടിഡിഎഫിന്‍റെ ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ ദിവസം മാനേജ്‌മെന്‍റ് തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയില്‍ ടിഡിഎഫ് ഒഴികെയുള്ള സംഘടനകള്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിച്ചിരുന്നു.