തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാൻ തീവ്രവാദ ശക്തികളെ കോൺഗ്രസും യുഡിഎഫും പ്രോത്സാഹിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷം അധികാരത്തിൽ എത്തുമ്പോഴെല്ലാം ഇത് തന്നെയാണ് നടക്കുന്നത്. ലഷ്കര്‍ ഇ തൊയിബ പോലെയുള്ള തീവ്രവാദ സംഘടനകളുമായി ചേർന്ന് ഇസ്ലാമിന്‍റെ പേര് പറഞ്ഞ് പ്രവർത്തിക്കുന്നവരുമായി യോജിക്കാൻ യുഡിഎഫിന് ഒരു മടിയുമില്ലെന്നും കോടിയേരി പറഞ്ഞു.
സർക്കാരിനെതിരെ പോർമുഖം തുറക്കാൻ എല്ലാ ശക്തികളെയും ഏകോപിപ്പിക്കുകയാണ്. സങ്കുചിതമായ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇടത്ത് വിരുദ്ധശക്തികൾ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു. സിപിഎം കേന്ദ്ര കമ്മറ്റിയംഗം എം.വി.ഗോവിന്ദന്‍റെ കാടുകയറുന്ന ഇന്ത്യൻ മാവോവാദം എന്ന പുസ്‌തകത്തിന്‍റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കോടിയേരി. പിബി അംഗം എസ്. രാമചന്ദ്രൻ പിള്ള കോടിയേരി ബാലകൃഷ്ണന് നൽകി പുസ്‌തകം പ്രകാശനം ചെയ്‌തു.