തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് സർക്കാർ ഓൺലൈൻ ക്ലാസ് ആരംഭിച്ചതെന്ന് ആരോപിച്ച് കോൺഗ്രസിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം. സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഓഫീസിന് മുന്നിൽ വച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. ഓൺലൈൻ പഠനത്തിന് ടിവി ഇല്ലാത്ത വിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒളിച്ചോടാൻ കഴിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. റെക്കോഡ് നേടാനാണ് സർക്കാർ ധൃതിപിടിച്ച് കാര്യങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് സർക്കാർ പല നടപടികളും ആവിഷ്‌കരിക്കുന്നത്. തീരദേശ, ആദിവാസി, മലയോരമേഖലകളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ല. വിദ്യാഭ്യാസ വകുപ്പിന്‍റെയും പട്ടികജാതി- വർഗ വകുപ്പിന്‍റെയും ഫണ്ട് വിനിയോഗിച്ച് എല്ലാ പട്ടികജാതി, ആദിവാസി കോളനികളിലും ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമൊരുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.