തിരുവനന്തപുരം: കൊച്ചിയിൽ നടൻ ജോജു ജോർജിന്‍റെ പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയ പിൻബലമെന്ന് കോൺഗ്രസ്. ആലുവ എംഎൽഎ അൻവർ സാദത്തും തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവുമാണ് നിയമസഭയിൽ ജോജുവിനെതിരെ രൂക്ഷമായ വിമർശനം നടത്തിയത്. ജോജുവിന് എന്ത് സാമൂഹിക പ്രതിബദ്ധതയാണ് ഉള്ളതെന്ന് അൻവർ സാദത്ത് ചോദിച്ചു.
സമരത്തിനിടെ ബൈ റോഡ് വഴി പോകാൻ വോളണ്ടിയർമാർ പറഞ്ഞതാണ്. എന്നിട്ടും സമരത്തിൽ കയറി ആക്രോശിക്കുകയാണ് ഉണ്ടായത്. അഹങ്കാരത്തിന് കയ്യും കാലും വച്ച ജോജു സംഭവത്തിൽ ഖേദം പ്രകടിപ്പിക്കണം. അല്ലാതെ വിട്ടുവീഴ്ചയില്ല. പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും കോൺഗ്രസ് എംഎൽഎ പറഞ്ഞു.
അതേസമയം ചാവക്കാട് നടന്ന പരിപാടിയിലും ജോജു സമാനമായ രീതിയിൽ അസഭ്യം പറഞ്ഞെന്ന് തൃപ്പൂണിത്തറ എംഎൽഎ കെ ബാബു പറഞ്ഞു. ഇതിന്‍റെ തെളിവ് കയ്യിലുണ്ടെന്ന് പറഞ്ഞ എംഎൽഎ പെൻഡ്രൈവും ഉയർത്തിക്കാട്ടി.
വിഷയത്തിൽ കോൺഗ്രസ് പരസ്യമായി ഖേദം പ്രകടിപ്പിച്ചാൽ കേസ് ഒത്തുതീർക്കാമെന്നായിരുന്നു ജോജുവിന്‍റെ നിലപാട്. ഇതിന് പിന്നാലെയാണ് നടനെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് എംഎൽഎമാർ രംഗത്തെത്തിയത്.