തിരുവനന്തപുരം : നിയമസഭയിലെ കഴിഞ്ഞ ദിവസത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഒമ്പത് എംഎൽഎമാർക്കെതിരെ കേസ്. രണ്ട് ഭരണപക്ഷ എംഎൽഎമാർക്കെതിരെയും ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കലാപശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
റോജി എം ജോൺ, പി കെ ബഷീർ, ഉമ തോമസ്, കെ കെ രമ, അൻവർ സാദത്ത്, അനൂപ് ജേക്കബ്, ഐ സി ബാലകൃഷ്‌ണൻ എന്നീ പ്രതിപക്ഷ എംഎൽഎമാർക്കെതിരെയാണ് വനിത വാച്ച് ആന്‍ഡ് വാർഡിന്‍റെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. എച്ച് സലാം, സച്ചിൻ ദേവ് എന്നിവരാണ് ഭരണപക്ഷത്തുനിന്നും കേസിൽ പ്രതികളായ എംഎൽഎമാർ.
വനിതകൾ അടക്കമുള്ള പ്രതിപക്ഷ എംഎൽഎമാരെ ആക്രമിച്ചു എന്നാണ് ഭരണപക്ഷ എംഎൽഎമാർക്കെതിരായ പരാതി. ചാലക്കുടി എംഎൽഎ സനീഷ് ജോസഫിന്‍റെ പരാതിയിലാണ് ഭരണപക്ഷ എംഎൽഎമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭരണപക്ഷ അംഗങ്ങൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകളാണ് ചുമത്തിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
അഡിഷണൽ ചീഫ് മാർഷൽ മൊയ്‌തീന്‍ ഹുസൈനെതിരെയും കേസെടുത്തിട്ടുണ്ട്. മ്യൂസിയം പൊലീസ് ആണ് കേസുകൾ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിക്കേറ്റവരുടെ മൊഴിയെടുത്തതും കേസെടുത്തതും.
നിയമസഭയിലെ സംഘർഷത്തിന്‍റെ പേരിൽ ഏകപക്ഷീയമായി കേസെടുത്തത് ശരിയായ നടപടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സംഘർഷത്തിൽ ഇരു വിഭാഗത്തിനെതിരെയും രണ്ട് തരത്തിലാണ് കേസെടുത്തത്. പ്രതിപക്ഷത്തിന് എതിരായി എടുത്ത കള്ളക്കേസ് ഒരു തരത്തിലും അംഗീകരിക്കാൻ ആവില്ലെന്നും ഒരു വാച്ച് ആന്‍ഡ് വാർഡിനെയും പ്രതിപക്ഷ അംഗങ്ങൾ ആക്രമിച്ചിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
അഡിഷണൽ ചീഫ് മാർഷൽ അടക്കം പ്രതിപക്ഷം ആക്രമിച്ചു എന്ന് പറയുന്ന വാച്ച് ആന്‍ഡ് വാർഡുകള്‍ക്ക് അഭിനയത്തിനുള്ള ഓസ്‌കർ നൽകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്‌പീക്കറുടെ ഓഫിസിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ : നിയമസഭ ചരിത്രത്തില്‍ ആദ്യമായാണ് ഇന്നലെ സ്‌പീക്കറുടെ ഓഫിസിന് മുന്നില്‍ ഭരണ-പ്രതിപക്ഷ എംഎല്‍എമാരും വാച്ച് ആന്‍ഡ് വാര്‍ഡും നേരിട്ട് ഏറ്റുമുട്ടിയത്. സ്‌പീക്കറുടെ ഓഫിസിന് മുമ്പില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിയ കുത്തിയിരിപ്പ് പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡ് ഓഫിസിന് മുന്നിലൂടെ വലിച്ചിഴച്ചതായി പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചിരുന്നു.
പ്രതിഷേധത്തിനിടെ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തനിക്ക് മര്‍ദനമേറ്റതായി പറഞ്ഞു. വാച്ച് ആന്‍ഡ് വാര്‍ഡ് ആണ് തന്നെ മര്‍ദിച്ചത് എന്നായിരുന്നു തിരുവഞ്ചൂരിന്‍റെ ആരോപണം. ഇതോടെ പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആന്‍ഡ് വാര്‍ഡുമായി ഏറ്റുമുട്ടുകയായിരുന്നു.
സഭ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഓഫിസിലേക്ക് എത്തിയ സ്‌പീക്കര്‍ക്ക് ഭരണപക്ഷ അംഗങ്ങള്‍ സംരക്ഷണം ഒരുക്കി. പിന്നാലെ സംഘര്‍ഷം ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലായി. എച്ച് സലാമും സച്ചിന്‍ ദേവും തങ്ങളെ ആക്രമിച്ചു എന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ പറഞ്ഞു.
സംഘര്‍ഷത്തില്‍ സനീഷ് കുമാര്‍ ജോസഫ്, കെ കെ രമ, ടി വി ഇബ്രാഹിം, എ കെ എം അഷ്‌റഫ്, എം വിന്‍സെന്‍റ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. സനീഷ് കുമാര്‍ ജോസഫിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി.