തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും. സ്ഥലത്ത് സമാധാനം പുനസ്ഥാപിക്കാൻ ഉച്ചയ്ക്ക് ശേഷമാണ് സർവകക്ഷി യോഗം ചേരുന്നത്. ജില്ല കലക്‌ടർ ജെറോമിക് ജോർജ് വിളിച്ചു ചേർത്ത യോഗത്തിൽ ലത്തീൻ അതിരൂപത പ്രതിനിധികളും സമരസമിതി നേതാക്കളും പങ്കെടുക്കും.
യോഗത്തിൽ മന്ത്രിമാരും പങ്കെടുക്കുമെന്നാണ് സൂചന. നിലവിൽ വിഴിഞ്ഞത്ത് സംഘർഷത്തിന് അയവ് വന്നിട്ടുണ്ടെങ്കിലും കനത്ത ജാഗ്രതയിലാണ് വിഴിഞ്ഞം തുറമുഖവും തീരദേശ മേഖലകളും. സമരപ്പന്തൽ അടക്കമുള്ള സ്ഥലങ്ങളിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
അഞ്ച് ജില്ലകളിൽ നിന്നായി ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കുമെന്ന് എഡിജിപി എം ആർ അജിത് കുമാർ അറിയിച്ചു. സമരക്കാരുടെ ആക്രമണത്തിൽ 36 പൊലീസുകാർക്കാണ് പരുക്കേറ്റത്. വിഴിഞ്ഞം സംഘർഷത്തിൽ കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്.
പൊലീസ് സ്റ്റേഷൻ അടിച്ചുതകർത്ത സമരക്കാർ എസ്എച്ച്ഒ ഉൾപ്പെടെയുള്ളവരെ തടഞ്ഞുവച്ചു. പൊലീസ് വാഹനങ്ങളും വയർലെസ് ഉൾപ്പെടെയുള്ള ഉപകരണങ്ങളും സമരക്കാർ തകർത്തു.