തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ലഭ്യതയുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ അടിസ്ഥാനത്തിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ഇഷ്‌ടവിഷയം കിട്ടാത്ത സാഹചര്യം ഹയർസെക്കൻഡറിയിൽ നിലവിലില്ലെന്നാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.
അതേസമയം വീടിനു ചുറ്റുമുള്ള സ്‌കൂളുകളിൽ പ്രവേശനം ലഭിച്ചില്ലെന്നും ഇഷ്‌ടവിഷയം ലഭിച്ചില്ലെന്നുമുള്ള പരാതികളുള്ളതായും മന്ത്രി പറഞ്ഞു. മുഖ്യ അലോട്ട്മെൻ്റ് പൂർത്തീകരിക്കുന്ന ഒക്ടോബർ 23ന് ശേഷം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് ആരംഭിക്കുന്നതിന് മുമ്പായി ജില്ലാ അടിസ്ഥാനത്തിൽ സ്ഥിതിഗതികൾ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂൾ തുറക്കാൻ സംസ്ഥാനം നല്ല നിലയിൽ സജ്ജമാണ്. സ്‌കൂളുകളുടെ സാഹചര്യം പരിശോധിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചഭക്ഷണം നൽകും. സ്‌കൂൾ തുറക്കുന്നതിനു മുമ്പ് സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണം. ഫിറ്റ്നസ് ലഭിക്കാത്ത സ്‌കൂളുകളിലെ കുട്ടികൾക്ക് തൊട്ടടുത്ത സ്‌കൂളിൽ അതിനുള്ള സൗകര്യമൊരുക്കും.
ALSO READ: എഞ്ചിനീയറിങ്, ഫാർമസി എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു
എൽ.പി ക്ലാസിൽ ഒരു ബഞ്ചിൽ രണ്ടു കുട്ടികളെ ഇരുത്താം. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ രക്ഷിതാക്കളുടെ സമ്മതമനുസരിച്ച് കുട്ടികളെ സ്‌കൂളിലയക്കാവുന്നതാണ്. ആദ്യ രണ്ടാഴ്‌ചയിലെ ശനിയാഴ്‌ചയും പ്രവൃത്തി ദിവസമായിരിക്കും. ഉച്ച വരെയാണ് ക്ലാസുകൾ ഉണ്ടാവുക. ഓട്ടോയിൽ മൂന്നിൽ കൂടുതൽ കുട്ടികളെ സ്‌കൂളിൽ കൊണ്ടുവരാൻ പാടില്ല. എല്ലാ സ്‌കൂളുകളിലും ഹെൽപ്പ് ഡെസ്‌കുകൾ സ്ഥാപിക്കണം.
എയ്‌ഡഡ് സ്‌കൂളുകൾക്ക് മെയിൻ്റനൻസ് ഗ്രാൻ്റായി നൽകാനുള്ള 52 കോടി നൽകും. ചില സ്‌കൂളുകളിലെ ആസ്ബറ്റോസ് ഷീറ്റ് മാറ്റാൻ നിർദേശിച്ചത് കോടതി നിർദേശപ്രകാരമാണ്. ഈ സ്‌കൂളുകളിൽ ക്ലാസ് നടത്തരുതെന്ന് കർശന നിർദേശം നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.