തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ വനിത കൗൺസിലറെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. വഞ്ചിയൂർ കൗൺസിലർ സിപിഎമ്മിന്‍റെ ഗായത്രി ബാബുവിനെ പൊതുവേദിയിൽ വച്ച് ഒരു സംഘം ആക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി. ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. എൽഡിഎഫ് സംഘടിപ്പിക്കുന്ന ജാഥയുടെ ഭാഗമായി വഞ്ചിയൂർ പുത്തൻറോഡിൽ സംഘടിപ്പിച്ച യോഗത്തിനിടെയാണ് സംഭവം. യോഗാധ്യക്ഷയും വാർഡ് കൗൺസിലറുമായ ഗായത്രി ബാബുവിന് നിവേദനം നൽകണം എന്നാവശ്യപ്പെട്ട് അഞ്ചിലേറെ പേർ അടങ്ങുന്ന സംഘമെത്തി.
യോഗത്തിനുശേഷം കൗൺസിലറുടെ ഓഫിസിൽ വച്ച് നിവേദനം സ്വീകരിക്കാമെന്ന് ഗായത്രി ബാബു പറഞ്ഞെങ്കിലും സംഘത്തിൽപ്പെട്ട ചിലർ നിവേദനം ബലമായി കൗൺസിലറുടെ കയ്യിൽ പിടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. ഇത് സംഘർഷത്തിന് കാരണമായി. തുടര്‍ന്ന് വഞ്ചിയൂർ പൊലീസ് എത്തി.
ഇതോടെ ഇവിടെ നിന്ന് രക്ഷപ്പെട്ട സംഘം സമീപത്തെ ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറി. നാട്ടുകാരും കൗൺസിലറും ആവശ്യപ്പെട്ടതിനെ തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നിവേദനം നല്‍കാനെന്ന പേരില്‍ എത്തിയ സംഘം തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാണ് കൗൺസിലർ ഗായത്രി ബാബുവിന്‍റെ പരാതി.