തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത് വ്യാജപേരിൽ കൊവിഡ് പരിശോധന നടത്തിയതായി പരാതി. കഴിഞ്ഞ ദിവസം അഭിജിതിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് അഭിജിതിനെതിരെ പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേണുഗോപാലൻ നായർ പൊലിസിൽ പരാതി നൽകിയത്. പേരും മേൽവിലാസവും തെറ്റായി നൽകിയെന്നാണ് പരാതി. കെ.എം അബി എന്ന പേരിലാണ് അഭിജിത് കൊവിഡ് പരിശോധന നടത്തിയത്.
പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി എൽ.പി സ്‌കൂളിലാണ് അഭിജിതും കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്‌ണയും പരിശോധന നടത്തിയത്. ബാഹുൽ കൃഷ്‌ണയുടെ മേൽവിലാസമാണ് ഇരുവരും നൽകിയത്. ഈ മേൽവിലാസം സ്ഥിതി ചെയ്യുന്ന പ്ലാമൂട് വർഡിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരികരിച്ചു. എന്നാൽ രണ്ട് പേരെ മാത്രമേ കണ്ടത്താനായുള്ളു. കെ.എം അബിയെന്ന വ്യക്തി ഈ മേൽവിലാസത്തിലിലെന്നും ഇയാൾ എവിടെയാണ് നിരീക്ഷണത്തിലിരിക്കുന്നതെന്ന് കണ്ടെത്താനായിട്ടിലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് കെ.എം അഭിജിത്താണെന്ന് തിരിച്ചറിഞ്ഞത്.
അതേസമയം പേര് തെറ്റായി നൽകിയിട്ടില്ലെന്നും ക്ലറിക്കൽ പിഴയാകാം പേര് മാറാൻ കാരണമായതെന്നുമാണ് കെ.എം അഭിജിതിൻ്റെ വിശദീകരണം. ബാഹുൽ കൃഷ്‌ണയാണ് പേരും മേൽവിലാസവും പരിശോധനക്ക് നൽകിയത്. ബാഹുൽ തെറ്റായി പേര് നൽകിയിട്ടില്ല. കഴിഞ്ഞ ആറ് ദിവസമായി താൻ നിരീക്ഷണത്തിലാണ്. കൊവിസ് പോസിറ്റീവ് ആയ ശേഷം ആരോഗ്യ പ്രവർത്തകരും ബന്ധപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പരാതിക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യമാകാമെന്നും കെ.എം അഭിജിത് ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.