തിരുവനന്തപുരം: സ്വർക്കക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെയുള്ള ഭീഷണി പരാതിക്ക് അടിസ്ഥാനമില്ലെന്ന് ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട്. ജയിൽ മേധാവി ഋക്ഷി രാജ് സിങിന് റിപ്പോർട്ട് കൈമാറി. റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറും.
സ്വർണക്കടത്ത് കേസിൽ ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തരുതെന്ന് ചിലർ അട്ടക്കുളങ്ങര ജയിലിൽ എത്തി ഭീഷണിപ്പെടുത്തി എന്നായിരുന്നു സ്വപ്‌ന സുരേഷ് കോടതിയിൽ നൽകിയ പരാതി. ഇത് വിവാദമായതോടെയാണ് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ് അന്വേഷണത്തിന് ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജി അജയകുമാറിന് നിർദേശം നൽകിയത്.
അട്ടക്കുളങ്ങര ജയിൽ എത്തിയ ഡി.ഐ.ജി, സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചു. കസ്റ്റംസ്, ഇ.ഡി, വിജിലൻസ് ഉദ്യോഗസ്ഥരും സ്വപ്‌നയുടെ കുടുംബാംഗങ്ങളും മാത്രമാണ് ജയിലിൽ എത്തിയതെന്ന് കണ്ടെത്തി. മറ്റാരും എത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.