തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയ സൗജന്യ സര്‍വീസില്‍പ്പെടുന്ന കെഎസ്ആർടിസി ബസിൽ നിന്നും യാത്രക്കാരെ ഇറക്കി വിട്ടതായി പരാതി (Complaint Against KSRTC Bus Employees). ഇന്നലെ (ഒക്‌ടോബർ 16) ഉച്ച കഴിഞ്ഞ് 2 മണിയോടെയാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതൽ തമ്പാനൂരില്‍ നിന്നും വിഴിഞ്ഞത്തേക്കും 6 മണി മുതൽ വിഴിഞ്ഞത്ത് നിന്നും തമ്പാനൂരേക്കും പൊതുജനങ്ങൾക്കായി സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയതായി തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫിസിൽ നിന്നും അറിയിച്ചിരുന്നു(Vizhinjam Port Event Entry KSRTC Service).
2 മണിയോടെ സീപോർട്ട് എന്ന് ബോർഡുവച്ച ബസിൽ കയറിയ യാത്രക്കാരോട് കണ്ടക്‌ടർ ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ സൗജന്യ ബസുണ്ടെന്ന അറിയിപ്പ് ലഭിച്ചിട്ടാണ് വന്നതെന്നും ടിക്കറ്റെടുക്കാൻ കഴിയില്ലെന്നും കണ്ടക്‌ടറോട് യാത്രക്കാർ പറഞ്ഞു. തുടർന്ന് യാത്രക്കാരും ജീവനക്കാരും തമ്മിൽ വലിയ വാക്ക് തർക്കമുണ്ടായി. ഇതോടെ ജീവനക്കാർ തമ്പാനൂർ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് സ്ഥലത്ത് എത്തിയാണ് യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിട്ടത്. സൗജന്യ ബസ് സർവീസ് നടത്തണമെന്ന് തുറമുഖ വകുപ്പിൽ നിന്നും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കെഎസ്ആർടിസി തമ്പാനൂർ സ്റ്റാൻഡിലെ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥർ അറിയിച്ചു. അറിയിപ്പോ ഉത്തരവോ ലഭിക്കാതെ സൗജന്യ സർവീസ് നടത്താൻ കഴിയില്ലെന്നുമാണ് കെഎസ്ആർടിസിയുടെ വിശദീകരണം.
തുറമുഖം ആരുടെ സ്വപ്‌നം? തമ്മിലടിച്ച് പാർട്ടികൾ: വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റിനായി നേതാക്കൾ തമ്മിൽ പിടിവലി. വിഴിഞ്ഞം തുറമുഖം എന്ന സ്വപ്‌ന പദ്ധതിക്ക് വേണ്ടി പരിശ്രമിച്ച മുഖ്യമന്ത്രിമാരായ നായനാർ, കെ കരുണാകരൻ, ഉമ്മൻചാണ്ടി, വി എസ് അച്യുതാനന്ദൻ എന്നിവരെ ചടങ്ങിൽ അധ്യക്ഷനായ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അനുസ്‌മരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിശ്ചയദാർഢ്യത്തിന്‍റെ ഫലമാണ് തുറമുഖമെന്ന് വി ശിവൻകുട്ടി വേദിയിൽ പറഞ്ഞു. 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് അഴിമതി എന്ന ആരോപണം നെഞ്ചിൽ തറച്ചിട്ടും ഉമ്മൻചാണ്ടി തളരാതെ വിഴിഞ്ഞം തുറമുഖ പദ്ധതി മുന്നോട്ടു കൊണ്ടുപോയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചടങ്ങിൽ പറഞ്ഞത്..
വിഴിഞ്ഞം തുറമുഖം: ഇന്നലെയായിരുന്നു വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പലിന്‍റെ ഔദ്യോഗിക സ്വീകരണം. 7700 കോടി രൂപ മുതൽമുടക്കിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുന്നത്. 818 കോടി രൂപ കേന്ദ്ര സർക്കാരും 4,013 കോടി സംസ്ഥാനവുമാണ് പദ്ധതിക്കായി വഹിക്കുന്നത്. വയബിലിറ്റി ക്യാമ്പ് ഫണ്ട് കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഏക തുറമുഖമാണ് വിഴിഞ്ഞം. പ്രധാനപ്പെട്ട തുറമുഖമായി കേന്ദ്ര സർക്കാർ ഇതിനെ പരിഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.
സമയ ബന്ധിതമായി പണി തീർക്കാൻ കഴിഞ്ഞതിൽ കരൺ അദാനിയെ വേദിയിൽ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്‌തു. തുറമുഖ നിർമാണത്തിന്‍റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടായ പ്രശ്‌നങ്ങൾ വ്യക്തമാണെന്നും അവരുടെ പുനരധിവാസത്തിനായി 100 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖാധിഷ്‌ടിത തൊഴിൽ പരിശീലനത്തിന് 50 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. വ്യവസായം വാണിജ്യം ടൂറിസം മേഖലകളിൽ വിഴിഞ്ഞം തുറമുഖത്തിലൂടെ വികസനം വരുമെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.