തിരുവനന്തപുരം : ഹാജര്‍ ബുക്കില്‍ ഒപ്പിട്ട് മുങ്ങി നടക്കുന്ന കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി സിഎംഡി ബിജു പ്രഭാകർ. ഇത്തരത്തില്‍ മുങ്ങി നടക്കുന്ന 1243 ജീവനക്കാർ നിശ്ചിത ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യുകയോ വിശദീകരണം നൽകുകയോ ചെയ്‌തില്ലെങ്കിൽ പിരിച്ചുവിടുമെന്നും ഇവരെ കുറിച്ച് പത്രത്തിൽ ഫുൾ പേജ് പരസ്യം നൽകുമെന്നും എംഡി അറിയിച്ചു. കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ബിജു പ്രഭാകർ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഇത്തരം ജീവനക്കാർ ഇടയ്ക്ക് ഒപ്പിട്ട് പോകുമെന്നും പെൻഷൻ മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും ബിജു പ്രഭാകർ ആഞ്ഞടിച്ചു. ഉഴപ്പുന്ന ജീവനക്കാരുമായി ഇനിയും സഹകരിക്കാൻ കഴിയില്ല. ഇവർക്ക് പുറമെ അന്നന്നത്തെ ആഹാരത്തിന് വേണ്ടി അധ്വാനിക്കുന്ന ജീവനക്കാരുണ്ട്. ഇങ്ങനെയുള്ള ജീവനക്കാർ വിആർഎസ് എടുത്ത് പിരിഞ്ഞ് പോകണമെന്നും ഇല്ലെങ്കിൽ പിരിച്ച് വിടൽ അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയിൽ ഇന്ത്യയിലെ നിയമങ്ങൾക്ക് വിരുദ്ധമായ ഡ്യൂട്ടി പാറ്റേൺ നിലനിൽക്കുന്നുണ്ട്. 12 മണിക്കൂർ ഡ്യൂട്ടി ചെയ്യിപ്പിക്കുന്നു എന്ന കള്ള പ്രചാരണമാണ് നടക്കുന്നത്. നിയമ പ്രകാരം മാത്രമാണ് ജീവനക്കാരെ ജോലി ചെയ്യിപ്പിക്കുന്നത്. ഇത്തരമൊരു സമ്പ്രദായം കൊണ്ട് വന്നത് തിരക്കുള്ള സമയം ബസ് ഓടിക്കുന്നതിന് വേണ്ടിയാണ്. മാത്രമല്ല രാവിലെയും വൈകിട്ടും ഇടവേളകളിൽ വെറുതെ ഇരിക്കുന്ന നാലുമണിക്കൂറിന് 200 രൂപ അധികമായി നൽകുന്നുണ്ട്.
ഒരു ജീവനക്കാരെയും അനാവശ്യമായി ബുദ്ധിമുട്ടിക്കാൻ മാനേജ്മെന്‍റിന് താത്‌പര്യമില്ല. നിലവിലെ സമ്പ്രദായം അനുസരിച്ച് കൂടുതൽ വരുമാനമാണ് ലഭിക്കുന്നത്. ഇത് മാറ്റണമെങ്കിൽ എല്ലാവർക്കും കൂടി ആലോചിക്കാം. സർക്കാരിന് മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയും ഉണ്ടാകില്ല.
പ്രോഡക്‌ടിവിറ്റി കൂട്ടുന്നതിന്‍റെ ഭാഗമായി സുശീൽ ഖന്ന റിപ്പോർട്ടിൽ പറഞ്ഞത് പ്രകാരമാണിത്. 14 മണിക്കൂർ തുടർച്ചയായി ഓടിക്കുന്നത് പ്രശ്‌നമല്ല, 12 മണിക്കൂർ സ്പ്രെഡ് ഓവർ ചെയ്‌ത് നാല് മണിക്കൂർ റെസ്റ്റ് എടുത്ത് ചെയ്യണമെന്ന് പറയുന്നതാണ് ഇവർക്ക് പ്രശ്‌നമെന്നും ബിജു പ്രഭാകർ പറഞ്ഞു.
ഡബിൾ ഡ്യൂട്ടി പാറ്റേണിലേക്ക് പോകാനും രണ്ട് ദിവസം ഡ്യൂട്ടിക്ക് വന്നിട്ട് ബാക്കി ദിവസം വീട്ടിലിരിക്കാനും പറ്റില്ല. വേറെ ഏതെങ്കിലും വകുപ്പിൽ ഇങ്ങനെ രണ്ട് ദിവസം മാത്രം ജോലി ചെയ്യുന്നവരുണ്ടോയെന്നും എംഡി ചോദിച്ചു. തമിഴ്‌നാട്ടിൽ ബസുകളുടെ ഒരു എഞ്ചിൻ 12, 13 ലക്ഷം കിലോമീറ്റർ ഓടുമ്പോൾ കേരളത്തിൽ 7 ലക്ഷം മാത്രമാണ് ഓടുന്നത്. ടയറിന്‍റെ കാര്യത്തിലും ഇതേ അവസ്ഥയാണ്.
തമിഴൻമാരെയും കർണാടകക്കാരെയും തെലുങ്കരെയും ഇവിടെയുള്ളവർക്ക് പുച്ഛമാണ്. എന്നാൽ താൻ ഉള്ളിടത്തോളം കാലം കെഎസ്ആർടിസിയുടെ പ്രൊഡക്റ്റിവിറ്റി കൂട്ടും. കെഎസ്ആർടിസി ജനങ്ങളുടെ കൂടി സ്ഥാപനമാണെന്നും ജീവനക്കാരുടെ മാത്രമല്ലെന്നും അതുകൊണ്ട് പ്രതിബദ്ധത കാണിക്കണമെന്നും പരിഷ്‌കരണം ഒരു സമൂഹത്തിനും ഒഴിവാക്കാൻ പറ്റില്ലെന്നും ബിജു പ്രഭാകർ വ്യക്തമാക്കി.