തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യം ഏതെങ്കിലും തരത്തില്‍ ദുര്‍ബലപ്പെടുത്താനോ തകര്‍ക്കാനോ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന വ്യാജവാര്‍ത്ത വാര്‍ത്തകള്‍ നിയന്ത്രിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ക്കെതിരെ ഒന്നും ചെയ്യരുതെന്ന നിലപാടെടുക്കാന്‍ ആര്‍ക്കും സാധിക്കില്ല. വ്യാജ വാര്‍ത്തകളുടെ വ്യാപനം സമൂഹത്തെയാകെ ബാധിക്കും. പണത്തിനും രാഷ്‌ട്രീയ താത്പര്യത്തിനും സര്‍ക്കുലേഷനും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നുണ്ട്.
പല ലക്ഷ്യങ്ങള്‍ വച്ച് ചിലരുണ്ടാക്കിയ ഗൂഡപദ്ധതിയാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസ്. അതുണ്ടാക്കിയ നഷ്‌ട്ടങ്ങള്‍ക്കു പകരമാകില്ലെങ്കിലും കോടതി നിര്‍ദ്ദേശിച്ച പ്രകാരം അതിന് നഷ്ടപരിഹാരം നല്‍കിയത് ജനങ്ങളുടെ നികുതി പണം കൊണ്ടാണ്. മാധ്യമങ്ങള്‍ക്ക് തെറ്റു പറ്റുന്നത് യാദൃച്ഛികമാകാം. എന്നാല്‍ ബോധപൂര്‍വ്വമായ വ്യാജ നിര്‍മിതി അംഗീകരിക്കാനാകില്ല. തെറ്റു പറ്റിയാല്‍ തിരുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകണം ചില മാധ്യമങ്ങള്‍ അതിന് തയ്യാറാകുന്നുണ്ടെങ്കിലും ചിലര്‍ അതിന് തയ്യാറാകുന്നില്ല. അത് ശരിയല്ല. തങ്ങളുടെ ഭാഗത്തു നിന്ന് വ്യാജ വാര്‍ത്തകള്‍ ഉണ്ടാകുന്നില്ലെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിന് അവര്‍ ബദ്ധശ്രദ്ധരായിരിക്കണം.
കേരളം ഇപ്പോള്‍ കൊവിഡിനെതിരായ പോരാട്ടത്തിലാണ്. അതിനെതിരെ വ്യാജവാര്‍ത്തകള്‍ നല്‍കിയാല്‍ കര്‍ക്കശ നടപടി സ്വീകരിക്കും. സര്‍ക്കാരിന്‍റെ ഈ നടപടി മാധ്യമങ്ങള്‍ള്‍ക്കെതിരെയുള്ള നീക്കമായി ആരും തെറ്റിദ്ധരിക്കേണ്ടതില്ല. മാധ്യമ നൈതികതയും ധാര്‍മിക നിലപാടും ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ മാധ്യമങ്ങളും ഇതുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.