തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്‍റെ അതിവ്യാപന സാഹചര്യത്തില്‍ നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ഉണ്ട് എന്നതുകൊണ്ടുമാത്രം ആശുപത്രിയില്‍ എത്തണമെന്നില്ല. കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും മറ്റ് അസുഖങ്ങള്‍ ഇല്ലാത്തവരും വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതി. അവര്‍ക്കുള്ള മറ്റ് സംവിധാനങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വാര്‍ഡുതല സമിതികളും സജീവമാണ്. കാര്യമായ അസുഖങ്ങള്‍ ഇല്ലാത്തവര്‍ വീട്ടില്‍ കഴിഞ്ഞാല്‍ മാത്രമേ ഗുരുതരമായ രോഗം ഉള്ളവരെ ചികിത്സിക്കാന്‍ ആശുപത്രികള്‍ക്ക് കഴിയൂവെന്നും പിണറായി വിജയന്‍ പറഞ്ഞു.
കൂടുതല്‍ ആളുകള്‍ ആശുപത്രികളിലേക്ക് എത്താനും അഡ്‌മിറ്റ് ആകാനും തിരക്കുകൂട്ടുന്നുവെന്നാണ് താഴെക്കിടയില്‍ നിന്നും കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ആശുപത്രികളും ഈ കാര്യത്തില്‍ ജാഗ്രത കാണിച്ചേ മതിയാകൂ. ചികിത്സാ പ്രോട്ടോകോള്‍ അനുസരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടവരെ മാത്രം ചേര്‍ത്താല്‍ മതി. അല്ലാതെ വരുന്നവരെ മുഴുവന്‍ പ്രവേശിപ്പിച്ചാൽ ഗുരുതര രോഗമുള്ളവര്‍ക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകും. പൊലീസിന്‍റെ ടെലിമെഡിസിന്‍ ആപ്പ് ആയ ബ്ലൂ ടെലി-മെഡിന്‍റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Also Read:സംസ്ഥാനം കടന്നുപോകുന്ന അവസ്ഥ ഗൗരവകരം: മുഖ്യമന്ത്രി
ബ്ലൂ ടെലി-മെഡ് ആപ്പിലെ സേവനങ്ങൾ
ആശുപത്രിയില്‍ പോകാതെ തന്നെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ഈ ആപ്പ് മുഖേന ലഭിക്കും. കൊവിഡ് -19 ന് മാത്രമല്ല മറ്റ് അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്കുവേണ്ട നിര്‍ദേശങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും ഈ ആപ്പിലൂടെ ലഭിക്കും. ആപ്പിലെ ഡോക്ടര്‍മാരുടെ പട്ടികയില്‍ നിന്ന് ആവശ്യമുള്ളയാളെ തെരഞ്ഞെടുത്ത് ബന്ധപ്പെടാനാകും. ഡോക്ടര്‍ വീഡിയോകോള്‍ മുഖേന രോഗിയെ പരിശോധിച്ച് ഇ-പ്രിസ്‌ക്രിപ്ഷന്‍ നല്‍കും. തുടര്‍ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപ്പില്‍ ലഭിക്കുന്ന ഇ-പാസ് പൊലീസ് പരിശോധനാസമയത്ത് കാണിച്ച് യാത്ര തുടരാവുന്നതാണ്. ആശുപത്രിയില്‍ പോകാതെ തന്നെ ഡോക്ടര്‍മാരില്‍ നിന്ന് നേരിട്ട് ചികിത്സ തേടാനുള്ള ഈ സംവിധാനം പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണം.
Also Read:ഓക്സിജൻ പ്രതിസന്ധി; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം
ഒപ്പമുണ്ട് പൊലീസ്
വളരെ അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടില്‍ എത്തിക്കാന്‍ പോലീസിന്‍റെ സഹായം തേടാം. ഇതിനായി പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ 112 എന്ന നമ്പറില്‍ ഏതുസമയവും ബന്ധപ്പെടാം. സാമൂഹ്യമാധ്യമങ്ങള്‍ വഴി കൊവിഡ് അവബോധം വളര്‍ത്തുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ പൊലീസ് ആസ്ഥാനത്തെ മീഡിയ സെന്‍റര്‍, സോഷ്യല്‍ മീഡിയ സെല്‍ എന്നിവയ്ക്ക് നിര്‍ദേശം നല്‍കി. പൊലീസിന്‍റെ ഫെയ്‌സ്ബുക്ക് പേജ്, മറ്റ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ എന്നിവ ബോധവല്‍ക്കരണത്തിനായി ഉപയോഗിക്കും. പെരുന്നാളിന് മുമ്പുള്ള വെള്ളിയാഴ്‌ചയാണ് വരാനുള്ളത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് കഴിഞ്ഞ റമദാന്‍ കാലം കടന്നുപോയത്. എല്ലാവരും മികച്ച ജാഗ്രത കാട്ടി. ഇത്തവണ സ്ഥിതി കൂടുതല്‍ ഗുരുതരമായതിനാല്‍ മുന്‍കാലങ്ങളിലേത് പോലെയോ അതിനേക്കാള്‍ കൂടുതലോ നിയന്ത്രണങ്ങള്‍ പാലിക്കണം. കഴിഞ്ഞ തവണ എല്ലാവരും നന്നായി സഹകരിച്ചു. അതുപോലെ ഇത്തവണയും ജാഗ്രതയോടെ നിലകൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.