തിരുവനന്തപുരം : അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടിയെ അനുസ്‌മരിക്കാന്‍ കെപിസിസി സംഘടിപ്പിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. നാളെ വൈകിട്ട് നാലിന് അയ്യന്‍കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ അധ്യക്ഷത വഹിക്കും. കക്ഷി രാഷ്‌ട്രീയത്തിന് അതീതമായി നേതാക്കള്‍, സാമുദായിക സംഘടനാ പ്രതിനിധികള്‍, സിനിമ താരങ്ങള്‍, എന്നിവരുടെ പങ്കാളിത്തത്തോടെയാണ് അനുസ്‌മരണം സംഘടിപ്പിക്കുന്നത്.
നാളെ (24.7.23) യാണ് കെ പി സി സിയുടെ ദുഃഖാചരണം അവസാനിക്കുന്നത്. അനുസ്‌മരണത്തോടെ ദുഃഖാചരണം പൂര്‍ത്തിയാകും. ഇന്നലെ രാത്രിയായിരുന്നു മുഖ്യമന്ത്രിയെ കെ പി സി സി യുടെ അനുസ്‌മരണത്തില്‍ ഉദ്‌ഘാടകനായി ക്ഷണിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഇതിനായി ചുമതലപ്പെടുത്തി. ഇന്ന് രാവിലെയാണ് പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചത്.
also read : Oommen Chandy | ജനങ്ങളിൽ അലിഞ്ഞ് ജനകീയനായ കുഞ്ഞൂഞ്ഞ്; മുഖ്യമന്ത്രിക്കസേരയിലെ 'ഉമ്മൻ ചാണ്ടി ഇഫക്‌ട്'
ജൂലൈ 18 ന് പുലർച്ചെ 4:25 ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി അന്തരിച്ചത്. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ബെംഗളൂരുവിൽ മുൻ മന്ത്രി ടി ജോണിന്‍റെ വസതിയിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരം തുടർന്ന് അന്ന് തന്നെ ഉച്ചയോടെ കേരളത്തിലെത്തിച്ചു.
തിരുവനന്തപുരത്ത് ജഗതിയിലുള്ള വസതിയിലേക്കായിരുന്നു ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ആദ്യം കൊണ്ടുപോയത്. തുടർന്ന് ദർബാർ ഹാളിലും സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തിലും കെപിസിസി ആസ്ഥാനത്തും പൊതുദർശനത്തിന് വച്ചിരുന്നു. ശേഷം ജൂലൈ 18ന് രാവിലെ വിലാപയാത്രയായി കോട്ടയത്തെ വസതിയിലേക്ക് കൊണ്ടുപോവുകയും തിരുനക്കര മൈതാനത്തും അദ്ദേഹത്തിന്‍റെ വസതിയിലും പൊതുദർശനത്തിന് വയ്ക്കുകയും ചെയ്‌തിരുന്നു. ജൂലൈ 20 ന് പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിലാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം സംസ്‌കരിച്ചത്.
also read : Oomman Chandy | ഇനി നിത്യനിദ്രയില്‍, ആൾക്കൂട്ടത്തിലലിഞ്ഞ് ജനഹൃദയത്തില്‍ ഉമ്മൻ ചാണ്ടി
മൂന്ന് ദിവസം നീണ്ടുനിന്ന വിലാപയാത്രയിൽ ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാൻ വഴി നീളെ നിരന്നത്. രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ജനസേവനം നടത്തിയ നേതാവിന്‍റെ വിയോഗത്തിൽ ഇടനെഞ്ച് പൊട്ടിയാണ് പുതുപ്പള്ളിക്കാർ യാത്രാമൊഴി നൽകിയത്. 53 വർഷക്കാലമാണ് ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലേയ്‌ക്ക് വിജയിച്ച് കയറിയത്. പൊതുജനത്തിന് പുറമെ പ്രാധാനമന്ത്രി ഉൾപ്പടെ വിവിധ പ്രമുഖരായ രാഷ്‌ട്രീയ പ്രവർത്തകർ അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിച്ചിരുന്നു. സംസ്‌കാര ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുത്തു.
also read: കുഞ്ഞൂഞ്ഞിന്‍റെ ഓർമകളിൽ നിറഞ്ഞ് പുതുപ്പള്ളി; പ്രിയ നേതാവിന്‍റെ കബറിടം സന്ദർശിക്കാൻ വൻ ജനത്തിരക്ക്