തിരുവനന്തപുരം: അൺലോക്ക് ഒഴിവാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് വ്യാപനം തടയാൻ ജാഗ്രത കർശനമായി പാലിക്കുകയാണ് വേണ്ടത്. ജാഗ്രത കൈവിട്ടാൽ ഉപദേശം മാത്രമല്ല, നടപടി കർശനമാക്കേണ്ടി വരും. സ്കൂളുകൾ തുറക്കാൻ ഈ ഘട്ടത്തിൽ ആലോചിക്കുന്നില്ല. കേരള എപ്പിഡെമിക് ഡിസീസ് ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിട്ടുള്ള വിവിധ കുറ്റകൃത്യങ്ങളുടെ പിഴതുക വർദ്ധിപ്പിക്കുന്നതിന് നിർദേശം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം സർക്കാർ പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില സൂപ്പർമാർക്കറ്റുകളിലും ടെക്സ്റ്റയിലുകളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. നിരോധനാജ്ഞ കർശനമാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടാൻ അനുവദിക്കില്ല. കടകളുടെ വിസ്‌തീർണം അനുസരിച്ചാണ് ഇക്കാര്യത്തിൽ ഇളവു നൽകുക. ആരാധനാലയങ്ങളിൽ പരമാവധി 20 പേർക്കാണ് അനുമതി. ചെറിയ ആരാധനാലയങ്ങളിൽ എണ്ണം അതനുസരിച്ച് കുറയ്ക്കണം. നിർമ്മാണ, വൈദ്യുതീകരണ ജോലികൾക്ക് അത്യാവശ്യമുള്ള തൊഴിലാളികൾ മാത്രമേ പാടുള്ളൂ. ഇക്കാര്യം കരാറുകാർ ഉറപ്പു വരുത്തണം. ഒക്‌ടോബർ 2 ന് മുമ്പ് തീയതി നിശ്ചയിച്ച് പരീക്ഷകൾ നടത്താം. വിദ്യാർഥികൾക്കൊപ്പം എത്തുന്നവരെ പരീക്ഷാകേന്ദ്രത്തിനു സമീപത്തു നിൽക്കാൻ അനുവദിക്കില്ല.
ഫാക്‌ടറികൾക്കും നിർമ്മാണ സ്ഥാപനങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മുഴുവൻ ജീവനക്കാരെയും ജോലിക്ക് നിയോഗിക്കാം. ജോലി ചെയ്യുന്നതിൽ നിന്ന് തൊഴിലാളികളെ വിലക്കരുത്. സ്വകാര്യ ക്ലിനിക്കുകൾക്കും ഡിസ്പെൻസറികൾക്കും സാമൂഹിക അകലം പാലിച്ച് തുറന്നു പ്രവർത്തിക്കാം. രോഗികൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല. ഫിസിയോതെറാപ്പി കേന്ദ്രങ്ങൾ, ദന്തൽ ക്ലിനിക്കുകൾ, ഹോമിയോ, ആയുർവേദ ക്ലിനിക്കുകൾ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് 43 കേസുകൾ രജിസ്റ്റർ ചെയ്തു. 126 പേർ അറസ്റ്റിലായതായും മുഖ്യമന്ത്രി പറഞ്ഞു.