തിരുവനന്തപുരം : ന്യൂനപക്ഷ വിഭാഗങ്ങളെ രാജ്യത്തെ പൗരന്മാരല്ലെന്ന് പ്രഖ്യാപിക്കാന്‍ ആരുപറഞ്ഞാലും സൗകര്യപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സത്യപ്രതിജ്ഞയോടുള്ള കൂറുപുലര്‍ത്തലാണ്. സംസ്ഥാന സര്‍ക്കാരിന് ഭരണഘടനയോടാണ് പ്രതിബദ്ധതയെന്നും അല്ലാതെ ആര്‍.എസ്.എസ് അജണ്ടയോടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന സംയുക്ത പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രസര്ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാരമ്പര്യം മുറുകെ പിടിച്ചാണ് സംസ്ഥാനം പ്രതികരിക്കുന്നത്. വര്‍ഗീയ ധ്രുവീകരണം നടപ്പാക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്ക്ക് പരവതാനി വിരിയ്ക്കുന്നവരെ തിരിച്ചറിയണം. അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി നിയമം പൂര്‍ണമായും ഭരണഘടന വിരുദ്ധമാണ്. പൗരത്വത്തിന്റെ അടിസ്ഥാനം മതമായി മാറുമ്പോള്‍ ആ രാജ്യം ജനാധിപത്യത്തില്‍ നിന്നും മതാധിപത്യ രാജ്യമായി മാറും. മതനിരപേക്ഷത സംരക്ഷിക്കാന്‍ മതത്തിന്‍റെ പേരിലെ പൗരത്വം ഇല്ലാതാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോധപൂര്‍വ്വം ഇന്ത്യയെ മാതാധിപത്യ രാജ്യമാക്കാനുള്ള ആര്‍.എസ്.എസ്. അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കുന്നുവെന്ന സന്ദേശം നല്‍കുന്നതാണ് സംയുക്ത കൂട്ടായ്മയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.