തിരുവനന്തപുരം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി. മലപ്പുറത്തിനായി ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി പരിശോധന 75,000 ആയി ഉയര്‍ത്തും. ജില്ലയില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. നിലവിലുളള നിയന്ത്രണങ്ങള്‍ ഫലവത്തായി നടപ്പിലാക്കുന്നതിന് ജില്ല ഭരണസംവിധാനത്തിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ കര്‍ശനമായ പരിശോധനകളാണ് നടത്തുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമാനുസൃതമായി എല്ലാ നടപടികളും സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാനവിഭാഗം എഡിജിപി, ഉത്തരമേഖല ഐജി എന്നിവര്‍ മലപ്പുറത്ത് ക്യാമ്പ് ചെയ്ത് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
കൂടുതൽ വായനയ്ക്ക്:എസ്‌എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴു മുതല്‍; ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി
വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ മരുന്നുകള്‍ കഴിക്കുന്നത് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആകണം. സ്വയം ചികിത്സിക്കാനോ, വൈദ്യശാസ്ത്രത്തില്‍ നിയമപരമായ അംഗീകാരമില്ലാത്ത വ്യാജ ചികിത്സകരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനോ പാടില്ല. അത്തരം രീതികള്‍ പ്രതികൂലമായി ബാധിച്ചേക്കാം. പ്രത്യേകിച്ച് പ്രമേഹ രോഗികളും മറ്റ് ഗുരുതര രോഗാവസ്ഥയുള്ളവരും ഇക്കാര്യം കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.