തിരുവനന്തപുരം; കേരളത്തില്‍ ഇന്നും പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 25,603 പേര്‍ നിരീക്ഷണത്തിലുണ്ട്. 57 പേരെ ഇന്ന് ആശുപത്രിയിലാക്കി. ഇന്ന് മാത്രം 7861 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. 25,366 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗ ബാധ ഇല്ലെന്ന് കണ്ടെത്തിയ 4,622 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. 2,550 സാമ്പിളുകള്‍ ഇന്ന് പരിശോധനക്ക് അയച്ചതില്‍ 2,140 പേര്‍ക്ക് രോഗബാധ ഇല്ലെന്നും ഉറപ്പാക്കിയിട്ടുണ്ട്.
കേരളത്തിന്‍റെ കൊവിഡ് പ്രതിരോധം സംബന്ധിച്ച് സുപ്രീംകോടതിയും ഹൈക്കോടതിയും നടത്തിയ പരാമര്‍ശങ്ങള്‍ കൂടുതല്‍ കരുത്ത് പകരുന്നതാണെന്നും മുഖ്യമന്ത്രി. ചികിത്സാ സഹായം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ഒ.പി സമയം വൈകിട്ട് ആറ് മണി വരെ ദീര്‍ഘിപ്പിച്ചു. ഇതിനായി കൂടുതല്‍ ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമാക്കും. അണുബാധ നിയന്ത്രണ വിധേയമാക്കുന്നതിന്‍റെ ഭാഗമായി കൂടുതല്‍ ആളുകള്‍ പരിശോധനക്ക് വിധേയമാകണം. പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.