തിരുവനന്തപുരം: പ്രവാസി മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത്. കൊവിഡ് ബാധിച്ചല്ലാതെ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചെത്തിക്കുന്നതില്‍ തടസം നീക്കണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. നിലവിലെ കാലതാമസം ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
ജി.സി.സി രാജ്യങ്ങളിലെ മലയാളി സംഘടനകളില്‍ നിന്ന് ധാരാളം പരാതികള്‍ സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് മൂലം പ്രവാസികള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ എംബസിയുടെ അനുമതിപത്രം വേണം. അനുമതിപത്രം നല്‍കുന്നതിന് എതിര്‍പ്പില്ലെന്നുള്ള രേഖ (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ്)കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നല്‍കേണ്ടത്. എന്നാല്‍ അത്തരമൊരു രേഖ ആവശ്യമില്ലെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു.