തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. സ്വര്‍ണക്കടത്ത് വിവാദമടക്കമുള്ള വിഷയങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്. തലസ്ഥാനത്ത് മുഖ്യമന്ത്രിക്ക് 25 അംഗസംഘം സുരക്ഷയൊരുക്കും.
പൈലറ്റ് വാഹനത്തില്‍ അഞ്ച് പേര്‍, രണ്ട് കമാൻഡോ വാഹനങ്ങളിലായി കമാൻഡോകൾ, ദ്രുതപരിശോധന വിഭാഗത്തിലെ എട്ടു പേര്‍, ഗണ്‍മാന്‍ എന്നിവരാകും സുരക്ഷയൊരുക്കുക. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാകും സുരക്ഷ ഒരുക്കുന്നത്. മറ്റ് ജില്ലകളിലെ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുമ്പോള്‍ ഒരു പൈലറ്റും എസ്‌കോര്‍ട്ടും അധികമായെത്തും.
ALSO READ:യോഗം വിളിച്ച് എല്‍ഡിഎഫ് : സ്വപ്‌നയുടെ ആരോപണങ്ങളും തൃക്കാക്കര പരാജയവും ചര്‍ച്ച
ഇതോടെ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിന്‍റെ എണ്ണം 40 ആകും. മറ്റ് ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അഗ്നിരക്ഷാസേന, ആംബുലന്‍സ് എന്നിവയും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ചേരും. ഇതോടെ പതിനഞ്ചിലധികം വാഹനങ്ങളാകും വ്യൂഹത്തിലുണ്ടാകുക. ഇതുകൂടാതെ ലോക്കല്‍ പൊലീസ് ഒരുക്കുന്ന സുരക്ഷയുമുണ്ടാകും.
മുഖ്യമന്ത്രിയുടെ പൊതുപരിപാടികളുടെ സുരക്ഷയും വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെഡ് പ്ലസ് കാറ്റഗറിയിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങള്‍ വരുന്നത്. ഇതിനുപുറമെ എല്ലാ മന്ത്രിമാരുടെയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. മന്ത്രിമാര്‍ക്ക് എല്ലാം എസ്‌കോര്‍ട്ട് അനുവദിച്ചു.