തിരുവനന്തപുരം: പുന്നോൽ കൊലപാതകത്തിൽ ഗൗരവമായ അന്വേഷണം നടത്തി എല്ലാ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കണ്ണൂരിനെ കലാപഭൂമിയാക്കാൻ ചിലർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ക്രൂരമായ സംഭവമാണ് കണ്ണൂരിൽ നടന്നത്. അതേസമയം സംസ്ഥാനം ക്രമസമാധാനരംഗത്ത് ഏറ്റവും മികവുറ്റ നിലയിലാണ്. അക്കാര്യത്തിൽ ഒരു സംശയത്തിനും ഇടയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കേരള പൊലീസിനെ സംബന്ധിച്ച മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ ചാനൽ അഭിമുഖത്തിലെ പരാമർശവും മുഖ്യമന്ത്രി തള്ളി. ആർ. ശ്രീലേഖയുടെ പ്രതികരണം ഏതു ഘട്ടത്തിലാണെന്ന് അറിയില്ല. ഒരു തരത്തിലുള്ള അതൃപ്തിയും ഒരു ഘട്ടത്തിലും അവർ സൂചിപ്പിച്ചിട്ടില്ല. അവരുടെ ആഗ്രഹം പറഞ്ഞിട്ടുണ്ട്. അതിൽ തെറ്റില്ല. തെറ്റായ സമീപനം സർക്കാരുകളുടെ ഭാഗത്തു നിന്ന് ഉണ്ടായെന്ന് തന്നോട് ശ്രീലേഖ പറഞ്ഞിട്ടില്ല. എന്തെങ്കിലുമുണ്ടെങ്കിൽ അവർ കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കട്ടെയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ALSO READ:"യോഗിയുടെ പരാമര്‍ശം ശരിയല്ല", പിണറായി വിജയന്‍റെ മറുപടി നിയമസഭയിൽ
എയിംസ് കേരളത്തിന് കിട്ടാക്കനിയായതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ചില പ്രത്യേക മേഖലകളിൽ കേരളം നേടിയ വികസനം ചില ഘട്ടങ്ങളിൽ പാരയായി മാറുന്നു. കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട വിഹിതം ലഭിക്കാൻ അത് തടസമാകുന്നുണ്ട്. കേരളത്തിന് അർഹതപ്പെട്ട പലതും നിഷേധിക്കുകയാണ്. എയിംസ് പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യർഥിച്ചിട്ടുണ്ട്. ആവശ്യങ്ങൾ ഉയർത്തുന്നതിൽ സംസ്ഥാനം ഏകീകൃത സമീപനം പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എസ് സുപാലിൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.