തിരുവനന്തപുരം: കെ റെയില്‍ പദ്ധതി എന്ത് എതിര്‍പ്പുണ്ടായാലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിആര്‍ഡിയുടെ പ്രസിദ്ധീകരണമായ കേരള കോളിങ്ങ് എന്ന പ്രസിദ്ധീകരണത്തിലാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയുടെ എതിര്‍പ്പുകള്‍ പരിഹരിച്ച് മുന്നോട്ട് തന്നെ പോകും. പദ്ധതി സംബന്ധിച്ച് ക്രിയാത്മകമായ വിമര്‍ശനങ്ങൾ സര്‍ക്കാര്‍ കേള്‍ക്കാനും പരിഹാരം കാണാനും തയാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
കൂടാതെ പദ്ധതിക്കായി ചെലവഴിക്കുന്ന തുകയുടെ കണക്കുകളും ലേഖനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ നിര്‍മാണത്തിന് കിലോമീറ്ററിന് 280 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ കെ റെയില്‍ പദ്ധതിക്ക് കിലോമീറ്ററിന് 120 കോടി മാത്രമാണ് ചിലവ് വരുന്നതെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ഭൂമി ഏറ്റെടുക്കലടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിയമപരമായി തന്നെ സര്‍ക്കാര്‍ നടത്തും. വീടുകളും വസ്‌തുവും നഷ്‌ടപ്പെടുന്നവര്‍ക്ക് ആശങ്ക സ്വാഭാവികമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച തരത്തില്‍ നഷ്‌ടപരിഹാരം നല്‍കി എതിര്‍പ്പുകള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അനാവശ്യമായി വിവാദങ്ങൾ സൃഷ്‌ടിച്ച് ജനങ്ങളില്‍ എതിര്‍പ്പുക്കുണ്ടാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ നേരിടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ പറയുന്നു.
കേരളത്തിന്‍റെ വികസനത്തിന് കെ റെയില്‍ അത്യാവശ്യമായ പദ്ധതിയെന്നാണ് ലേഖനത്തില്‍ മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത്. ഈ ലക്കം കേരള കോളിങ്ങ് പൂര്‍ണമായും കെ റെയില്‍ വിഷയത്തിനായി മാറ്റിവച്ചിരിക്കുകയാണ്. സമയത്ത് എത്താന്‍ കഴിയുന്നില്ലെന്ന പരാതിക്ക് പരിഹാരം സില്‍വര്‍ ലൈന്‍ എന്ന ടാഗ്‌ലൈനോടെയാണ് കേരള കോളിങ്ങ് പുറത്തിറക്കിയിരിക്കുന്നത്.
കെ റെയില്‍ എം.ഡി കെ.അജിത്ത് കുമാര്‍, റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി അബ്‌ദുറഹ്മാന്‍ എന്നിവരുടെ ലേഖനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്യമായ എതിര്‍പ്പ് ഉയരുന്നുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. അതിന്‍റെ ഭാഗമായി പദ്ധതി സംബന്ധിച്ച് വ്യാപക പ്രചരണം നടത്താനും തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്‍റെ ഭാഗമാണ് കേരള കോളിങ്ങിന്‍റെ ഈ ലക്കം.
കൂടാത കെ റെയില്‍ സംബന്ധിച്ച് 50 ലക്ഷം ബുക്ക്‌ലെറ്റുകള്‍ അച്ചടിക്കാന്‍ പിആര്‍ഡി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. എല്ലാ വീടുകളിലും ഈ ബുക്ക്‌ലെറ്റുകള്‍ എത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
Also Read: വെളിയംകോട് കെ റെയിലിന്‍റെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ; പ്രദേശത്ത് സംഘർഷം