തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തെ ന്യായീകരിച്ച് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തില്‍ ലേഖനമെഴുതിയ ചീഫ് സെക്രട്ടറി ടോം ജോസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ലേഖനമെഴുതുന്നതിന് മുന്‍കൂര്‍ അനുമതിയില്ലെങ്കിലും ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തെ അത് ഒരു തരത്തിലും സ്വാധീനിക്കില്ല. ലേഖനത്തില്‍ ചീഫ് സെക്രട്ടറി നടത്തിയത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മാവോയിസ്റ്റ് കൊലയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി എഴുതിയ ലേഖനം കേസന്വേഷണത്തെ സ്വാധീനിക്കുമെന്നും ലേഖനമെഴുതാന്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുവാദമുണ്ടായിരുന്നോ എന്നു ചോദിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ശൂന്യ വേളയില്‍ പ്രശ്‌നം സഭയില്‍ ഉന്നയിച്ചത്.