തിരുവനന്തപുരം: തന്‍റെ യാത്രയ്ക്ക് 42 പൊലീസ് വാഹനങ്ങളുടെ അകമ്പടിയെന്നും മുഖ്യമന്ത്രി സഞ്ചരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് വഴി നടക്കാനാകുന്നില്ലെന്നുമുള്ള പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. തന്‍റെ വ്യക്തിപരമായ ഇച്ഛയ്ക്ക് അനുസരിച്ചല്ല മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സുരക്ഷ നിശ്ചയിക്കുന്നതിന് പൊലീസിന് അവരുടേതായ രീതികളുണ്ടാകും. വിശിഷ്‌ട വ്യക്തികള്‍ക്കും അതിവിശിഷ്‌ട വ്യക്തികള്‍ക്കും സുരക്ഷ ഒരുക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രത്യേക മാനദണ്ഡ പ്രകാരമാണ്.
സുരക്ഷ നിശ്ചയിക്കുന്നത് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി: ഇതു പ്രകാരം സംസ്ഥാനത്ത് സുരക്ഷ ഒരുക്കേണ്ട വിശിഷ്‌ട വ്യക്തികളുടെ സുരക്ഷ നിശ്ചയിക്കുന്നത് കേന്ദ്രത്തിലെയും കേരളത്തിലെയും അധികാരികള്‍ ഉള്‍പ്പെടുന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയാണ്. ഓരോ ആറുമാസം കൂടുമ്പോഴും സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗം ചേരുകയും വിശിഷ്‌ട വ്യക്തികളുടെ സുരക്ഷ സംബന്ധിച്ച് അവലോകനവും പുനഃപരിശോധനയും നടത്തുകയും ചെയ്‌തുവരുന്നുണ്ട്. ഇപ്രകാരം സംസ്ഥാന മുഖ്യമന്ത്രിക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് ഇസഡ് പ്ലസ് കാറ്റഗറയിലുള്ള സുരക്ഷ ക്രമീകരണങ്ങളാണ്.
ഇതേ സുരക്ഷ തന്നെയാണ് സംസ്ഥാന ഗവര്‍ണര്‍ക്കും വയനാട് എംപി രാഹുല്‍ ഗാന്ധിക്കും ഒരുക്കിയിട്ടുള്ളത്. ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിക്ക് സ്വാഭാവിക പ്രോട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷ മാത്രമേ കേരളത്തിലെ മുഖ്യമന്ത്രിക്കുള്ളൂ. പ്രത്യേക സാഹചര്യങ്ങളില്‍ ചില സമര മുറകള്‍ അരങ്ങേറുമ്പോള്‍ അതില്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധയും പൊലീസ് സ്വീകരിക്കുന്നുണ്ട്.
പ്രതിപക്ഷത്തിന്‍റേത് ഉദ്ദേശിച്ച കാര്യം നടക്കാത്തതിലുള്ള മോഹഭംഗം: വാഹന വ്യൂഹത്തിനു മുന്നില്‍ മൂന്നോ നാലോ പേര്‍ എടുത്തു ചാടാന്‍ തയ്യാറാകുമ്പോള്‍ അവര്‍ ഒരുപക്ഷേ അതിന്‍റെ പ്രത്യാഘാതങ്ങള്‍ ആലോചിക്കാറില്ല. പക്ഷേ അവരെ അതിനായി തയ്യാറാക്കുന്നവര്‍ക്ക് അതിന്‍റെ പ്രത്യാഘാതങ്ങള്‍ നന്നായി അറിയാം. അവര്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കാതെ വരുമ്പോഴുള്ള മോഹ ഭംഗമാണ് പ്രതിപക്ഷം നിയമസഭയില്‍ പ്രകടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. താന്‍ ഈ സ്ഥാനത്തു വരും മുന്‍പ് തനിക്ക് യുഡിഎഫ് സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ വേണ്ടെന്നു പറഞ്ഞ ആളാണ് താന്‍. എന്നിട്ടും തന്‍റെ തീവണ്ടി യാത്രയിലും മറ്റും പൊലീസുകാര്‍ തോക്കും പിടിച്ച് നിലയുറപ്പിച്ചിട്ടുണ്ട്.
അത് പൊലീസിന്‍റെ പ്രത്യേക സുരക്ഷ ക്രമീകരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു. അതായത് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഏര്‍പ്പാടാക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമല്ലെന്ന് ചുരുക്കും. രാഷ്‌ട്രീയ നിലപാട് വച്ച് എന്തിനെയും എതിര്‍ക്കുന്ന നിലപാട് മാറ്റണം. നാടിന്‍റെ നന്മയ്ക്ക് ഒന്നിച്ചു നില്‍ക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം മുന്നോട്ടു പോകാനുള്ള സാമ്പത്തിക ഭദ്രത ഉണ്ടാക്കാന്‍ ചില്ലറ വരുമാനം വര്‍ധിപ്പിക്കേണ്ടതായി വന്നതു കൊണ്ടാണ് സെസ് ഏര്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തു നിന്നും ഇതു സംബന്ധിച്ച് ഷാഫി പറമ്പില്‍ കൊണ്ടു വന്ന അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.