തിരുവനന്തപുരം: ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. സംഭവത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം പത്തനംതിട്ട കലക്‌ടർ കൈമാറിയിരുന്നു.
ഇതിന് പിന്നാലെയാണ് വകുപ്പ് തല അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയത്. ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്‌ഡ്രില്ലിനിടെ പത്തനംതിട്ട കല്ലൂപ്പാറ സ്വദേശി ബിനു സോമനാണ് (34) മരിച്ചത്. മണിമലയാറ്റില്‍ വെള്ളത്തില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം അനുകരിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ബിനു വെള്ളത്തില്‍ മുങ്ങുകയായിരുന്നു.
വ്യാഴാഴ്‌ച രാവിലെയുണ്ടായ അപകടത്തെ തുടര്‍ന്ന് ബിനുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സക്കിടെ വ്യാഴാഴ്‌ച രാത്രിയാണ് ബിനു മരിച്ചത്. പ്രകൃതി ദുരന്ത രക്ഷാപ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി സംസ്ഥാനമൊട്ടാകെ ദുരന്ത നിവാരണ അതോറിറ്റി നടത്തിയ മോക്‌ഡ്രില്ലിന്‍റെ ഭാഗമായാണ് പത്തനംതിട്ടയിലും മോക്ഡ്രില്‍ സംഘടിപ്പിച്ചത്.