തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. കേന്ദ്രത്തെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യും. മര്യാദയുള്ള സർക്കാർ ആണെങ്കിൽ കേസിൽ സുപ്രീം കോടതി വിധി വരുന്നത് വരെ കാത്തിരിക്കുമായിരുന്നു. സുപ്രീം കോടതിയിൽ സംസ്ഥാനം പോരാട്ടം നടത്തുമ്പോഴാണ് കേന്ദ്രം ഫെഡറൽ തത്വത്തെ ലംഘിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷം പരോക്ഷമായി കേന്ദ്ര സർക്കാരിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നു. ശശി തരൂർ സ്വീകരിക്കുന്ന നിലപാട് എന്തിനാണ് തിരുവഞ്ചൂരിനെ പോലെയുള്ള മറ്റുള്ളവർ സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാർ തെറ്റായ നിലപാട് സ്വീകരിച്ചാൽ അതിനെ എതിർക്കുന്ന നിലപാടാണ് പ്രതിപക്ഷം എടുക്കേണ്ടത്. സംസ്ഥാന സർക്കാർ ഉദ്ദേശ ശുദ്ധിയോടെയാണ് നിലാപാട് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.