തിരുവനന്തപുരം: തിരുപ്പൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാനും പാലക്കാട് ജില്ലാ കലക്ടറോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. പരിക്കേറ്റവർക്ക് ചികിത്സ നൽകുകയെന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ മെഡിക്കൽ സംഘത്തെ അങ്ങോട്ടേക്ക് അയക്കും. ഗുരുതരമായി പരിക്കേറ്റവരെ കോയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യവും പരിശോധിക്കും. തമിഴ്‌നാട് സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
അപകടത്തില്‍പെട്ടവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തമിഴ്‌നാട് സർക്കാരുമായും തിരുപ്പൂർ ജില്ലാ കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളും. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. അപകടമുണ്ടാക്കിയത് ദിശ തെറ്റിച്ച് വന്ന ലോറിയാണെന്നും ഇത് തിരൂപ്പൂര്‍ കലക്‌ടര്‍ സ്ഥിരീകരിച്ചതായും മന്ത്രി. അന്വേഷണത്തിന് കെഎസ്ആര്‍ടിസി എംഡിയോട് നിര്‍ദേശിച്ചതായി മന്ത്രി അറിയിച്ചു.