തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പഴുതടച്ച അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീര്‍ കൊല്ലപ്പെടാന്‍ ഇടയായ വാഹനാപകടത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അമിതമായ അളവിൽ ലഹരി ഉപയോഗിച്ചാണ് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ഓടിച്ചതെന്നാണ് പ്രാഥമിക നിഗമനം. മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം മാത്രമേ പറയൂവെന്നും പൊതു സമൂഹത്തിന് എല്ലാം ബോധ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്യപിച്ചില്ലെങ്കിലും അമിത വേഗത്തില്‍ വാഹനം ഓടിച്ചത് തെറ്റാണ്. നിയമം അറിയാവുന്ന ആളാണ് നിയമം ലംഘിച്ചതെന്ന അവസ്ഥ ഗുരുതരമാണ്. രക്തത്തിൽ മദ്യത്തിന്‍റെ അംശം ഇല്ലാതാക്കാൻ മരുന്ന് കഴിച്ചെന്ന ആക്ഷേപത്തിലടക്കം വിശദമായ അന്വേഷണം നടക്കും. രക്തപരിശോധന നടത്തുന്നതിൽ അടക്കം പൊലീസിന് ഉണ്ടായ വീഴ്ചകൾ പ്രത്യേകം പരിശോധിക്കും. ബഷീറിന്‍റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പ്രത്യേക പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.