തിരുവനന്തപുരം: ഇഎംസിസിയുമായുള്ള കാരര്‍ ഒപ്പിടല്‍ നാടകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടത് മുന്നണിയുടെ നയത്തിന് എതിരാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശകമ്പനികള്‍ക്ക് അനുമതി നല്‍കുന്നത്. ഈ നയത്തിന് എതിരായ നീക്കമാണ് സര്‍ക്കാരിന്‍റെ അറിവില്ലാതെ നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കരാറില്‍ ഒപ്പിട്ട ഉദ്യോഗസ്ഥന്‍റെ പ്രവര്‍ത്തനവും അന്വേഷണ പരിധിയില്‍ വരും. പ്രതിപക്ഷ നേതാവിന്‍റെ ജാഥയുടെ അവസാന ദിവസം വാര്‍ത്തയുണ്ടാക്കാനാണ് ഇത്തരമൊരു വിവാദം ഉയര്‍ത്തിയത്. മത്സ്യത്തൊഴിലാളികളെ തെറ്റിധരിപ്പിക്കാമെന്ന് പ്രതിപക്ഷം കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിസന്ധികളിലെല്ലാം സര്‍ക്കാര്‍ മത്സ്യതൊഴിലാളികള്‍ക്കൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതു മുന്നണിയുടെ വികസന മുന്നേറ്റയാത്രയുടെ തെക്കന്‍ മേഖല ജാഥയുടെ സമാപന സമ്മേളനം ഉദ്ദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളം കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കൈവരിച്ചത് വലിയ മാറ്റമാണ്. കിഫ്ബി വഴി 50,000 കോടിയുടെ വികസനം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ ഉയര്‍ന്നത് നിരവധി വിമര്‍ശനങ്ങളാണ്. എന്നാല്‍ 63,000 കോടിയുടെ വികസനം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷം അനുകൂലമായി ഒന്നും ശബ്ദിച്ചിട്ടില്ല. നാടിന്‍റെ വികസനത്തെ എതിര്‍ക്കുകയാണ്. പരിഹസിച്ചും പുച്ഛിച്ചുമുള്ള നിലപാടാണ് പ്രതിപക്ഷം ജനോപകാരപ്രദമായ പദ്ധതികളോട് സ്വീകരിച്ചത്. കാര്യങ്ങള്‍ മനസിലാക്കാനുള്ള മനസ് ഇക്കൂട്ടര്‍ക്കില്ല. നേരായ വിമര്‍ശനങ്ങള്‍ ഒന്നും ഉന്നയിക്കാനില്ലാത്തത് കൊണ്ട് പ്രതിപക്ഷം ഗവേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പറയുന്നത് ചെയ്യും ചെയ്യാനാവുന്നതേ പറയൂ ഇതാണ് ഇടതുമുന്നണിയുടെ നിലപാട്. അതുകൊണ്ട് തന്നെ കുപ്രചരണങ്ങളില്‍ ജനങ്ങള്‍ വീഴും എന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.