തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിനുള്ളിലെ വധശ്രമ കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറി. അധികാരപരിധി ഇല്ല എന്ന കാരണത്താൽ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. ഇനി ഈ കേസ് പ്രിൻസിപ്പൽ സെഷന്‍സ് കോടതി ജില്ല കോടതിക്ക് കൈമാറും.
തുടര്‍ന്ന്, ജില്ല കോടതി കേസിന്‍റെ അധികാര പരിധി സംബന്ധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുമായി ബന്ധപ്പെടും. തുടര്‍ന്ന് ഹൈക്കോടതിയുടെ അന്തിമ തീരുമാനത്തില്‍ കേസ് പരിഗണിക്കും.
നിലവിൽ കേസ് പരിഗണിക്കുന്നത് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 11-ാണ്. എന്നാൽ, ഈ കോടതിക്ക് എയർക്രാഫ്റ്റ് നിയമങ്ങൾ കൈകാര്യം ചെയ്യാന്‍ അധികാരമില്ലെന്ന് കാണിച്ച് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടർന്നാണ് മജിസ്‌ട്രേറ്റ് കോടതി ഈ നടപടി സ്വീകരിച്ചത്.
പ്രതികള്‍ 27 വരെ റിമാന്‍ഡില്‍: കേസിൻ്റെ അധികാര പരിധി കോടതി തീരുമാനിക്കുന്നതിൽ തർക്കമില്ല. എന്നാല്‍ തങ്ങളുടെ ജാമ്യാപേക്ഷ പരിഗണിച്ച ശേഷം അധികാര പരിധി സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുത്താല്‍ മതി എന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ, കേസിൽ കോടതിക്ക് അധികാരമില്ലാത്ത സാഹചര്യത്തിൽ എങ്ങനെ ജാമ്യം മാത്രം പരിഗണിക്കുമെന്ന് അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ മറുവാദം ഉന്നയിച്ചു. ശേഷം, കോടതി പ്രതികളുടെ ജാമ്യം തള്ളി.
കേസിലെ ഒന്നാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നിലവിൽ 13 കേസുകൾ ഉണ്ട്. ഇയാൾ ഗുണ്ടാലിസ്റ്റിൽ പെട്ട ആൾ കൂടിയാണ് എന്നും പ്രോസിക്യൂഷൻ വാദിച്ചു. മഹാത്മാ ഗാന്ധി വരെ സമരം നടത്തിയ കേസിൽ ജയിലിൽ കിടന്ന നാടാണ്. പ്രതിക്ക് നിലവിൽ പറയുന്ന കേസുകള്‍ സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരിലുള്ളതാണെന്നും പ്രതിഭാഗം വാദിച്ചു. വധശ്രമ കേസിലെ പ്രതികളായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നീ ഒന്നും, രണ്ടും പ്രതികളെ കോടതി ഈ മാസം 27 വരെ റിമാൻഡ് ചെയ്‌തു.