തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനും പ്രൈവറ്റ് സെക്രട്ടറിക്കും ക്ലീൻ ചിറ്റ് നൽകി സർവകലാശാലകളുടെ റിപ്പോർട്ട്. എം.ജി, സാങ്കേതിക സര്‍വകലാശാലകള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടുകളിലാണ് അദാലത്തുകളില്‍ മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും ഇടപെടലില്ലെന്ന് വ്യക്തമാക്കുന്നത്. മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിയെയും പൂര്‍ണമായി ന്യായീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇരു സര്‍വകലാശാലകളും ഗവര്‍ണര്‍ക്ക് നല്‍കിയത്. മന്ത്രി നേരിട്ട് പങ്കെടുത്ത സാങ്കേതിക സര്‍വകലാശാലയുടെ അദാലത്തില്‍ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും സാന്നിധ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് റിപ്പോര്‍ട്ട്. അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്ത ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. എന്നാല്‍ നയപരമായ ഒരു കാര്യത്തിലും പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് എം.ജി സര്‍വകലാശാല ഗവർണർക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സപ്ലിമെന്ററി പരീക്ഷയില്‍ തോറ്റ കുട്ടികള്‍ക്ക് മാര്‍ക്ക് ദാനം നല്‍കിയത് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് മിനിട്‌സില്‍ വ്യക്തമാക്കുമ്പോഴും അക്കാദമിക നിലവാരമുള്ള ഒരു കുട്ടിയുടെ ഭാവിയെ കരുതിയാണ് തീരുമാനമെടുത്തെതന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. റിപ്പോര്‍ട്ടിന്മേല്‍ ഇനി ഗവര്‍ണറുടെ നടപടി നിര്‍ണായകമാകും.
അതേസമയം എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം പുനഃപരിശോധിക്കാനാണ് സര്‍ക്കാരിന് താൽപര്യം. മാര്‍ക്ക് ദാനം ചെയ്ത രീതിയിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതായാണ് സൂചന. സിന്ഡിക്കേറ്റിന്റെ തീരുമാനം തിരുത്താന്‍ ഗവര്‍ണര്‍ക്കല്ലാതെ മറ്റാര്‍ക്കും അധികാരമില്ലെന്നും ഇക്കാര്യങ്ങള്‍ സിന്‍ഡിക്കേറ്റ് തന്നെ പരിശോധിക്കട്ടെയെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.