തിരുവനന്തപുരം: ആറ്റുകാലിൽ യുവാവിന്‍റെ കാൽവെട്ടിമാറ്റിയ സംഭവത്തിൽ ആറുപേർ പൊലീസ് പിടിയിൽ. കുപ്രസിദ്ധ ഗുണ്ട പഞ്ചാര ബിജുവെന്ന ബിജു (46), ബൈജു (40), ശിവകുമാർ (42), ജയേഷ് (37), അനീഷ് (35), ബാബു (58) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്‌തത്. എല്ലാവരും ആറ്റുകാൽ പാടശേരി സ്വദേശികളാണ്.
ഒരേ നാട്ടുകാരായ പ്രതികളും വെട്ടേറ്റ ശരത്തും (26) തമ്മിൽ നാളുകളായി തർക്കത്തിലായിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച (ഡിസംബര്‍ 28) പുലർച്ചെ ശരത്ത് പ്രതികളിൽ ഒരാളായ ശിവകുമാറിന്‍റെ ഓട്ടോറിക്ഷ അടിച്ചുതകർത്തു. ഇതിന്‍റെ വിരോധത്തിലാണ് പ്രതികൾ ശരത്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ശരത്തിന്‍റെ വലതുഭാഗത്തെ കാൽപ്പത്തി ആറ്റുപോയിരുന്നു.
ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതികളെ പൊങ്ങുമൂട് പ്രശാന്ത് നഗർ പ്രദേശത്ത് നിന്നുമാണ് പിടികൂടിയത്. പിടിയിലായ ബൈജു കൊലപാതക കേസുകളിലും ബിജു, ജയേഷ് എന്നിവർ അടിപിടി, അബ്‌കാരി കേസുകളിലും നേരത്തെ പ്രതികളാണ്.