തിരുവനന്തപുരം: എകെജി സെന്‍ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതിയിലേക്കെത്തുന്ന ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിറ്റി പൊലീസ് കമ്മിഷണര്‍ സ്‌പര്‍ജന്‍ കുമാര്‍ അറിയിച്ചു.
സംഭവം രാഷ്ട്രീയ പ്രേരിതമാണോ എന്ന് അന്വേഷിക്കും. പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. അന്വേഷണത്തിന് ശേഷമേ വിശദമായ കാര്യങ്ങള്‍ പറയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എകെജി സെന്‍ററിലും കെപിസിസി ഓഫീസിലും പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
നഗരത്തില്‍ കനത്ത പൊലീസ് സന്നാഹമുണ്ട്. അതേസമയം വ്യാഴാഴ്‌ച (30.06.22) രാത്രി 11.35 നാണ് സംഭവമുണ്ടായത്. എ.കെ.ജി സെന്‍ററിന്‍റെ താഴത്തെ ഗേറ്റിലൂടെയാണ് ബോംബെറിഞ്ഞത്.
സംഭവത്തില്‍ വലിയ സ്ഫോടന ശബ്‌ദവും പുകയും ഉണ്ടായി. പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പൊലീസും ഓഫിസിലുണ്ടായിരുന്ന ജീവനക്കാരും ഓടി എത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടു.