'കുടിച്ച്' തകര്‍ത്ത് മലയാളി, ഇത്തവണയും റെക്കോഡ് വില്‍പ്പന ; ആകെ വിറ്റത് 543 കോടിയുടെ മദ്യം - ന്യൂ ഇയര്‍ മദ്യവില്‍പ്പന
Christmas new year liquor sale Kerala : ഡിസംബര്‍ 31 ന് മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം 93.33 കോടി രൂപ ആയിരുന്നു ഡിസംബര്‍ 31ലെ കണക്ക്.


Published : Jan 1, 2024, 1:35 PM IST
തിരുവനന്തപുരം : കേരളം സാമ്പത്തിക ഞെരുക്കത്തില്‍ ഉഴലുമ്പോള്‍ കൈത്താങ്ങാകുന്ന ബെവ്റേജസ് കോര്‍പറേഷന്‍ ഈ ക്രിസ്‌മസ്-പുതുവത്സര ദിവസങ്ങളിലും പതിവുതെറ്റിച്ചില്ല. ഡിസംബര്‍ 22 മുതല്‍ 31 വരെ ക്രിസ്‌മസ്-പുതുവത്സര അവസരത്തില്‍ മലയാളികള്‍ കുടിച്ചത് 543.13 കോടി രൂപയുടെ മദ്യം (Christmas new year liquor sale).
കഴിഞ്ഞ വര്‍ഷം 516.26 കോടി രൂപയുടെ വില്‍പ്പന നടന്നതിന്‍റെ സ്ഥാനത്താണ് ഇക്കുറി റെക്കോര്‍ഡ് വില്‍പ്പന. ഡിസംബര്‍ 31നും ഇത്തവണ റെക്കോര്‍ഡ് മദ്യ വില്‍പ്പനയായിരുന്നു. അന്ന് 94.54 കോടി രൂപയുടെ മദ്യമാണ് മലയാളികളുടെ പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായത്.
കഴിഞ്ഞ വര്‍ഷം ഇത് 93.33 കോടിയായിരുന്നു. ഡിസംബര്‍ 30ന് 61.91 കോടിയുടെ മദ്യ വില്‍പ്പനയാണ് സംസ്ഥാനത്തുണ്ടായത്. 2022 ഡിസംബര്‍ 30ന് 55.04 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഡിസംബര്‍ 31 ന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലാണ്. ഇവിടെ 1.02 കോടി രൂപയുടെ മദ്യം വിറ്റു.
എറണാകുളം രവിപുരം - 77 ലക്ഷം, ഇരിങ്ങാലക്കുട - 76 ലക്ഷം, കൊല്ലം ആശ്രാമം - 73 ലക്ഷം, പയ്യന്നൂര്‍ - 71 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ഔട്ട്ലെറ്റുകളിലെ വില്‍പ്പന. ഡിസംബര്‍ 24 ന് 70.73 കോടിയുടെ മദ്യ വില്‍പ്പന സംസ്ഥാനത്തുണ്ടായി. ഡിസംബര്‍ 22, 23 ദിവസങ്ങളില്‍ 84.04 കോടി രൂപയുടെ മദ്യ വില്‍പ്പനയാണ് കേരളത്തില്‍ നടന്നത്.
22 മുതല്‍ 31 വരെയുള്ള 10 ദിവസത്തെ വില്‍പ്പനയെയാണ് ക്രിസ്‌മസ് പുതുവത്സര വില്‍പ്പനയായി കണക്കാക്കുന്നത്. ആകെ ലഭിച്ച 543.13 കോടി രൂപയുടെ 90 ശതമാനവും നികുതിയായി ഖജനാവിലെത്തും. അതായത് ആകെ ലഭിച്ച 543.13 കോടിയില്‍ ഏകദേശം 490 കോടി രൂപ ഖജനാവിലേക്കാണ്.