തിരുവനന്തപുരം: ബമ്പർ വിജയിയെ നറുക്കെടുക്കാൻ ഇനി 14 ദിവസങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിലും അതിന് മുൻപ് തന്നെ സംസ്ഥാന ലോട്ടറി വകുപ്പിന് ബമ്പറടിച്ചിരിക്കുകയാണ് (christmas new year bumper 2024). ക്രിസ്‌മസ് - ന്യൂ ഇയർ ബമ്പർ വിൽപ്പനയിലൂടെ ആകെ പ്രിൻ്റ് ചെയ്‌ത 30 ലക്ഷം ടിക്കറ്റുകളിൽ 29 ലക്ഷത്തോളം ടിക്കറ്റുകളും ഇതുവരെ വിറ്റുതീർന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് 8 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇത്തവണ അധികമായി വിറ്റുപോയതെന്നും ഡെപ്യൂട്ടി ഡയറക്‌ടർ (സെയിൽസ് ആൻഡ് പ്രിൻ്റിംഗ്) എം. രാജ് കപൂർ ഇ ടിവി ഭാരതിനോട് പറഞ്ഞു. ലോട്ടറി വകുപ്പിനെ സംബന്ധിച്ച് ഇത് സർവകാല റെക്കോഡാണ്. അവശേഷിക്കുന്ന ബാക്കി ടിക്കറ്റുകളും നറുക്കെടുപ്പിന് മുൻപ് തന്നെ വിറ്റുതീരുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്.
ജനുവരി 24 ന് ഉച്ചയ്ക്ക് 2 മണിക്കാണ് ക്രിസ്‌മസ് - ന്യൂ ഇയർ ബമ്പറിൻ്റെ നറുക്കെടുപ്പ്. ബമ്പർ വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് മുന്നിൽ. എറണാകുളം, തൃശൂർ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. സമ്മാന ഘടനയിൽ അടിമുടി മാറ്റവുമായാണ് ക്രിസ്‌മസ് - ന്യൂ ഇയർ ബമ്പർ ഇത്തവണ വിപണിയിലെത്തിയത്.
20 കോടി രൂപയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം ഇത് 16 കോടിയായിരുന്നു. രണ്ടാം സമ്മാനവും 20 കോടി രൂപയാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 20 പേർക്ക് ഓരോ കോടി രൂപ വീതം രണ്ടാം സമ്മാനമായി നൽകും. 312.50 രൂപ ടിക്കറ്റ് വിലയും 28 ശതമാനം ജിഎസ്‌ടിയും ചേര്‍ത്ത് 400 രൂപയാണ് ടിക്കറ്റ് വില.
ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്‍റുമാര്‍ക്ക് രണ്ടു കോടി വീതം കമ്മീഷന്‍ കൂടി ലഭിക്കുമ്പോള്‍ സൃഷ്‌ടിക്കപ്പെടുന്നത് 23 കോടിപതികളാണെന്നതാണ് ഈ വർഷത്തെ ക്രിസ്‌മസ്-ന്യൂ ഇയര്‍ ബമ്പറിന്‍റെ പ്രത്യേകത. ആകെ 3 കോടി രൂപയാണ് മൂന്നാം സമ്മാനം.
30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നൽകും. ആകെ 60 ലക്ഷം രൂപയാണ് നാലാം സമ്മാനം. 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നൽകും. ആകെ 40 ലക്ഷം രൂപയാണ് അഞ്ചാം സമ്മാനം. 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നൽകും. കഴിഞ്ഞവർഷം ആകെ 3,88,840 സമ്മാനങ്ങളാണ് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ അത് 6,91,300 ആയി.
ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്‍റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം നൽകും. ഏജന്‍റുമാര്‍ക്ക് ടിക്കറ്റ് വില്‍പ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇന്‍സന്‍റീവും ഏറ്റവുമധികം ടിക്കറ്റ് വില്‍പ്പനയ്ക്കായി ഏടുക്കുന്ന ഏജന്‍റുമാര്‍ക്ക് സ്‌പെഷ്യല്‍ ഇന്‍സെന്‍റീവായി 35000 രൂപയും സെക്കന്‍ഡ്, തേര്‍ഡ് ഹയസ്റ്റ് പര്‍ച്ചേസര്‍മാര്‍ക്ക് യഥാക്രമം 20000 രൂപയും 15000 രൂപയും നല്‍കുമെന്നും സംസ്ഥാന ലോട്ടറി വകുപ്പ് അറിയിച്ചു.