തിരുവനന്തപുരം: അറുതിയുടെ കർക്കിടകവും വർഷക്കെടുതിയുടെ കാർമേഖങ്ങളും ഒഴിഞ്ഞ് പ്രത്യാശയുടെയും ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും ദിനങ്ങളാണ് പൊന്നിൻ ചിങ്ങം. ഭീതിയും ആശങ്കയും നിറഞ്ഞ രണ്ടാം കൊവിഡ് കാലത്തും, ഓണം മലയാളിക്ക് പ്രതീക്ഷയുടേത് കൂടിയാണ്. വിളവെടുപ്പ് ഉത്സവമായ പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി മലയാളം ചിങ്ങം 1നെ കർഷകദിനമായും ആചരിക്കുന്നു.
മഹാമാരിക്കാലത്തും ഒഴിഞ്ഞ തെരുവുകള്‍ തിരക്കുകളിൽ നിറഞ്ഞു. ഓണക്കോടിയും ഓണസദ്യയും ഏത് വറുതിക്കാലത്തും മലയാളിക്ക് ഒഴിവാക്കാനാവാത്തതിനാല്‍, കൊവിഡ് മാനദണ്ഡം നിലനില്‍ക്കെ സര്‍ക്കാരും അയഞ്ഞു.
മുന്‍കാലങ്ങളെപ്പോലെ വാങ്ങിക്കൂട്ടലല്ല, അത്യാവശ്യം ഓണമുണ്ണാന്‍ വേണ്ടതൊക്കെ വാങ്ങുകയേ ഇത്തവണ വേണ്ടൂ. ഓണ വിപണികൾ സജീവമായിക്കഴിഞ്ഞു. പതിവിന് വിപരീതമായി ഇത്തവണ കര്‍ക്കിടകമാസത്തിലാണ് അത്തം പിറന്നത്. ജ്യോതിഷികളുടെ അഭിപ്രായത്തില്‍ ഇത് അത്യപൂര്‍വമാണ്.
ഇത്തവണ ചിങ്ങമാസത്തിലെ അത്തം ചിങ്ങം 24ന് ആണ്. എന്നാൽ, ചിങ്ങമാസത്തിലെ തിരുവോണം ചിങ്ങം അഞ്ചിന് ആയതിനാല്‍ കര്‍ക്കിടകം 27 കണക്കാക്കി അത്തം പിറക്കുകയായിരുന്നു. അത്തപ്പിറവിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പതിവുപോലെ ആഘോഷമായല്ലെങ്കിലും വീടുകളിലും സ്ഥാപനങ്ങളിലും പൂക്കളങ്ങള്‍ ഒരുങ്ങിത്തുടങ്ങിയിട്ടുണ്ട്.
More Read: ഓണത്തിന് മധുരമൂട്ടാന്‍ പന്തളം ശര്‍ക്കരയെത്തും ; കൃഷി വകുപ്പിന്‍റെ അതിജീവന മാതൃക
പൂക്കളമിടാനുളള പൂക്കള്‍ക്കും ഇത്തവണ തീവിലയില്ല. വിളവെടുത്ത പൂക്കള്‍ വിറ്റുപോയാല്‍ മതിയെന്ന് കര്‍ഷകരും നഷ്‌ടം വരാതിരുന്നാല്‍ മതിയെന്ന് വ്യാപാരികളും ചിന്തിക്കുന്നതിനാൽ, പൂക്കളങ്ങളുടെ പൂക്കാലമൊരുക്കാന്‍ കാര്യമായ ചെലവില്ല. ഇത്തവണയും സര്‍ക്കാരിന്‍റെ ഓണത്തിന് ടൂറിസം വാരാഘോഷങ്ങളില്ല. ആഘോഷങ്ങള്‍ ഓണ്‍ലൈനായി നടത്തുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ആഘോഷങ്ങള്‍ക്കായി പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ബീച്ചുകളിലും മറ്റ് ടൂറിസം കേന്ദ്രങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് മാത്രമാണ് പ്രവേശനം. കൊവിഡ് മൂന്നാം തരംഗഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പരമാവധി ആഘോഷങ്ങള്‍ വീട്ടിലൊതുക്കണമെന്നും സർക്കാർ നിർദേശിക്കുന്നു. തിരക്ക് അനിയന്ത്രിതമായാല്‍ പൊലീസിന്റെ കര്‍ശന നടപടിയും നേരിടേണ്ടിവരും.
എന്നിരുന്നാലും, ഒഎൻവി കുറിച്ച പോലെ...
'കര്‍ക്കിടകം പൊട്ടിയ പാഴ്-
ച്ചട്ടിയുമായ് പോയി
കാലം കളിമണ്ണുക്കുഴ-
ച്ചാലയില്‍ നില്‍ക്കുന്നു
പുത്തന്‍ കലമിതുമെനയും
പുകിലുകളാര്‍ക്കുമ്പോള്‍,
കറ്റമെതിച്ചീടും പദ
നൃത്തം മുറുകുമ്പോള്‍
പുത്തരി വേവുന്ന മണം
പുരകളില്‍ നിറയുമ്പോള്‍
ഒരു ചിങ്ങം കൂടി!.... ഒരു
തിരുവോണം കൂടി'