തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ ശിശുക്ഷേമ സമിതി അധ്യക്ഷയുടെ വാദം തള്ളി കടയ്ക്കാവൂർ പൊലീസ്. സി ഡബ്ല്യു സി ജില്ലാ ചെയര്‍പേഴ്‌സണ്‍ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. വിവരം നൽകിയ ആളുടെ പേര് എഫ് ഐ ആറിൽ ചേർക്കുന്നത് സ്വാഭാവിക നടപടിയാണ്. സംഭവത്തിൽ കുട്ടി കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ വൈദ്യ പരിശോധന ഫലം കൂടി പരിഗണിച്ചാണ് അമ്മയെ അറസ്റ്റ് ചെയ്‌തതെന്നും കടയ്ക്കാവൂർ പൊലീസ് വ്യക്തമാക്കി.
കേസ് സി ഡബ്ല്യു സി പൊലീസിന് റഫർ ചെയ്തതല്ലെന്നും തന്‍റെ പേര് എഫ് ഐ ആറിൽ ചേർത്തത് തെറ്റായ നടപടി ആണെന്നുമായിരുന്നു ശിശുക്ഷേമ സമിതി ജില്ലാ ചെയര്‍പേഴ്‌സണ്‍ അഡ്വ.എൻ.സുനന്ദയുടെ നിലപാട്. പൊലീസ് ആവശ്യപ്പെട്ട പ്രകാരം കുട്ടിക്ക് കൗൺസിലിങ് നൽകുക മാത്രമാണ് ചെയ്തതെന്നും അവർ പറഞ്ഞു.