തിരുവനന്തപുരം: സംസ്ഥാനത്തെ ശിശുമരണ നിരക്ക് ഒറ്റയക്കത്തിലായത് ശ്രദ്ധേയ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ശിശു മരണ ശരാശരി 32 ആയിരിക്കുമ്പോൾ സംസ്ഥാനത്തേക്ക് ഏഴാണ്. ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ 993 കുഞ്ഞുങ്ങളും സുരക്ഷിതരായിരിക്കുന്ന സ്ഥിതി. ഇത് ആരോഗ്യ കേരളത്തിന് ഏറെ അഭിമാനം നൽകുന്ന നേട്ടമാണ്. ഐക്യരാഷ്ട്ര സഭ 2020ൽ ശിശുമരണ നിരക്ക് എട്ടിൽ എത്തിക്കാൻ ശ്രമിക്കുമ്പോഴാണ് കേരളം ഒരുപടി കൂടി മുന്നിൽ എത്തുന്നത്.
നാളെ മാതൃദിനം ആഘോഷിക്കുമ്പോൾ സംസ്ഥാനത്തിന് അഭിമാനം നൽകുന്ന നേട്ടമായാണ് കാണുന്നത്. ഏഴ് കുട്ടികൾ മരിക്കുന്നു എന്നത് ദു:ഖകരമാണ്. മരണ നിരക്ക് പൂജ്യത്തിൽ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനൊപ്പം ഗർഭസ്ഥ ശിശുക്കളുടെയും ഗർഭിണികളുടെയും പോഷകക്കുറവ് പരിഹരിക്കുന്നതിന് താഴേത്തട്ടു മുതൽ നടപ്പിലാക്കിയ പദ്ധതികളുടെ ഫലമാണിത്. ഇതോടൊപ്പം ആശുപത്രി സൗകര്യം വർധിപ്പിച്ചതും സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ആശുപത്രി സൗകര്യം ഒരുക്കിയതും ശിശുമരണനിരക്ക് കുറയുന്നതിന് കാരണമായിട്ടുണ്ട്. സംസ്ഥാനത്തെ കുട്ടികളുടെ ജനന നിരക്കിലും കുറവ് വന്നിട്ടുണ്ട്. 14.2 ശതമാനമായിരുന്ന ജനനനിരക്ക് 13.9 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്.